ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സെപ്തംബർ 28ന്റെ സുപ്രീംകോടതി വിധി തള്ളണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബിൽ ആർ.എസ്.പി എംപി എൻ.കെ. പ്രേമചന്ദ്രൻ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചു.
17-ാം ലോക്സഭയിലെ ആദ്യ സ്വകാര്യബില്ലാണിത്. ജൂൺ 25ന് നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ജൂലായ് 12ന് ബിൽ ചർച്ചയ്ക്ക് പരിഗണിക്കും.
ശബരിമലയിൽ നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി നിയമ നിർമ്മാണം നടത്തണമെന്ന് പത്തനംതിട്ട എം.പി ആന്റോ ആന്റണിയും ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം വേണമെന്ന് ബി. ജെ. പി എംപി മീനാക്ഷി ലേഖിയും ശൂന്യവേളയിൽ ആവശ്യപ്പെട്ടു.
നിയമത്തിലൂടെ 2018 സെപ്തംബർ ഒന്നിന് മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും ഒരു കോടതി വിധിയും ബാധകമാക്കരുതെന്നും പ്രേമചന്ദ്രന്റെ ബിൽ ആവശ്യപ്പെടുന്നു. കോടതി, ട്രൈബ്യൂണൽ, അതോറിട്ടി എന്നിവയുടെ വിധി, അപ്പീൽ, നിയമം എന്നിവ ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾക്ക് തടസമാകരുത്. തടസമാകുന്ന വിധികളും നിയമങ്ങളും റദ്ദാക്കണം. ആചാരാനുഷ്ഠാനങ്ങൾ നടപ്പാകുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു.
വേനൽ അവധിക്കു ശേഷം ജൂലായ് ഒന്നിന് തുറക്കുന്ന സുപ്രീംകോടതിയിൽ ശബരിമല റിവ്യൂ ഹർജികൾ തീർപ്പായാൽ അതും ബില്ലിന്റെ ചർച്ചയെ സ്വാധീനിക്കും. ബിൽ അവതരിപ്പിച്ച സാഹചര്യത്തിൽ അഞ്ചു വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ചർച്ച ചെയ്യാൻ അവസരമുണ്ട്. ബിൽ സർക്കാരിന് ഏറ്റെടുക്കുകയും ചെയ്യാം.