nipah-virus-bats
nipah virus bats

ന്യൂഡൽഹി: കേരളത്തിൽ ഇക്കൊല്ലം റിപ്പോർട്ട് ചെയ്‌ത നിപ വൈറസ് ബാധയുടെ ഉറവിടം പഴം തീനി വവ്വാലുകളാണെന്ന് പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ കണ്ടെത്തി.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരെയും ആരോഗ്യ സഹമന്ത്രി അശ്വനികുമാർ ചൗബേ

കൊടിക്കുന്നിൽ സുരേഷിനെയും ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

എറണാകുളത്ത് ഒരാൾക്കു മാത്രമേ വൈറസ് ബാധ ഉണ്ടായിട്ടുള്ളൂവെന്ന് മന്ത്രി പറഞ്ഞു. രോഗം സംശയിച്ച 50 പേർക്കും നെഗറ്റീവ് ആയിരുന്നു. 330 പേർ നിരീക്ഷണത്തിലാണ്. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ടീറോപസ് അഥവാ പഴം തീനി വവ്വാലുകളുടെ 36 സാമ്പിളുകളിൽ 12 എണ്ണത്തിൽ (33%) നിപ്പ വൈറസുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്ന ആന്റി നിപ ബാറ്റ് ആന്റിബോഡി കണ്ടെത്തി. 2018ൽ കേരളത്തിൽ നിപ ആദ്യമായി റിപ്പോർട്ട് ചെയ്‌തപ്പോൾ 52 വവ്വാലുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പത്തെണ്ണത്തിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.

കേരളത്തിൽ നിപ്പ ബാധ റിപ്പോർട്ട് ചെയ്‌തയുടൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം കേന്ദ്ര രോഗ നിയന്ത്രണ കേന്ദ്രം (എൻ.സി.ഡി.സി), ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ), ഡൽഹി എയിംസ് എന്നിവയിലെ വിദഗ്ദ്ധരുടെ സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചു. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്, ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് എന്നിവയുടെ സഹായവും ലഭ്യമാക്കി. ഡൽഹിയുമായി മുഴുവൻ സമയ ആശയവിനിമയ സംവിധാനം ഒരുക്കിയെന്നും മന്ത്രി അറിയിച്ചു.