trple-thalq

ന്യൂഡൽഹി: പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ നടപടികൾ തുടങ്ങിയ ആദ്യ ദിവസം തന്നെ മുത്തലാഖ് ഒാർഡിനൻസിന് പകരമുള്ള ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കി. ധൃതി പിടിച്ച് ബില്ലുകൊണ്ടു വന്നതിനെ പ്രതിപക്ഷം എതിർത്തു. തുടർന്ന് പ്രതിപക്ഷത്തിന്റെ ആവശ്യ പ്രകാരം ബിൽ അവതരണത്തിന് വോട്ടെടുപ്പ് വേണ്ടി വന്നു.

ഇന്നലെ ശൂന്യവേളയ്‌ക്കു ശേഷം ബിൽ അവതരണത്തിന് മന്ത്രിയെ സ്‌പീക്കർ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ശേഷം ബില്ലുകൾ അവതരിപ്പിക്കുന്നതാണ് കീഴ്‌വഴക്കമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയെങ്കിലും ചട്ടങ്ങളനുസരിച്ചാണ് സഭ നടക്കേണ്ടതെന്ന് സ്‌പീക്കർ മറുപടി നൽകി. സഭയിൽ ഇരിപ്പിടം അടക്കുമുള്ള ക്രമീകരണങ്ങൾ തയ്യാറാകാത്തതിനാൽ സ്ളിപ്പ് വഴിയായിരുന്നു ബിൽ അവതരണത്തിനായുള്ള വോട്ടെടുപ്പ്.

 മുസ്ളീം പുരുഷമാരെ ശിക്ഷിക്കാൻ: തരൂർ

കഴിഞ്ഞ സഭയിലും മുത്തലാഖ് പ്രതിപക്ഷം എതിർത്തതാണ്. അതിനാൽ ചർച്ച വേണം. പാർലമെന്റി കമ്മിറ്റിക്ക് വിടണം. സിവിൽ നിയമലംഘനത്തെ ക്രിമിനൽ ചട്ടലംഘനമായി കണക്കാക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാനാകില്ല. മുസ്ലിം സമുദായത്തിന് പുറത്തുള്ള വനിതകൾക്കു കൂടി ബാധകമാക്കുന്ന വിധത്തിൽ ഭേദഗതി വേണം. നിലവിൽ മുസ്ലിം സമുദായത്തിലെ പുരുഷൻമാരെ ശിക്ഷിക്കുന്നതിനാണ് പ്രാധാന്യം

 ബിൽ കടുത്ത വിവേചനം: പ്രേമചന്ദ്രൻ(ആർ.എസ്.പി)

മുസ്ലീം സമുദായത്തിന് മാത്രമായി വിവാഹമോചനം ക്രിമിനൽ കുറ്റമാക്കുന്നതും മൂന്നു വർഷത്തെ തടവുശിക്ഷ വിധിക്കുന്നതും കനത്ത വിവേചനമാണ്. ഭരണഘടന വിഭാവന ചെയ്യുന്ന തുല്യതയുടെയും നീതിയുടെയും ലംഘനമാണ്. വിവാഹ ബന്ധങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ സിവിൽ കുറ്റത്തിന്റെ പരിധിയിലാണ് വരിക. അവ വ്യക്തിനിയമങ്ങളാണ്. അക്കാര്യം ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുത്തലാഖ് വിവാഹ മോചന കുറ്റത്തെ ക്രിമിനൽ കുറ്റമാക്കി മാറ്റാനുളള ഗവമെന്റ് നടപടി ഭരണഘടനാവിരുദ്ധമാണ്.

 ആരു ചെലവിനു നൽകും: അസദുദീൻ ഒവൈസി(എ.ഐ.എം.ഐ.എം ഹൈദരാബാദ്)

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വർഷം ശിക്ഷ നൽകിയാൽ ഇരയായ മുസ്ളീം സ്‌ത്രീക്ക് ആരു ചെലവിനു നൽകും. സ്‌ത്രീകളെ സംരക്ഷിക്കാനാണെങ്കിൽ ശബരിമല യുവതി പ്രവേശനത്തിനു വേണ്ടി കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരാത്തതെന്ത്.

 മതവുമായി ബന്ധമില്ല: രവിശങ്കർ പ്രസാദ്

മുത്തലാഖ് ബില്ലിന് മതവുമായി ഒരു ബന്ധവുമില്ല. സ്ത്രീകൾക്ക് നീതിയും അന്തസും ഉറപ്പാക്കുകയാണ് ലക്ഷ്യം. സോണിയ ഗാന്ധിയെ പോലെ ഒരു വനിത നേതൃത്വം നൽകുന്ന കോൺഗ്രസ് ബില്ലിനെ എതിർക്കാൻ പാടില്ല.