gst-council
gst council

ന്യൂഡൽഹി: ജി.എസ്.ടി രജിസ്ട്രേഷനുള്ള തിരിച്ചറിയിൽ രേഖയായി ആധാറും ഉൾപ്പെടുത്താൻ ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന 35-ാമത് ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു.

ആളിനെ തിരിച്ചറിയാനും മേൽവിലാസം തെളിയിക്കാനും ഇനി ആധാർ മാത്രം മതിയാകും. ഒറ്റത്തവണ പാസ്‌വേർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ജി.എസ്.ടി രജിസ്ട്രേഷൻ സമയത്ത് ആധാർ വിവരങ്ങൾ ഓൺലൈനായി നൽകാം. മറ്റു തിരിച്ചറിയൽ രേഖകളുടെ ഹാർഡ് കോപ്പി നൽകുന്ന ബുദ്ധിമുട്ട് ഒഴിവാകും. ഇതോടെ മറ്റു പല രേഖകളും ഒഴിവാക്കി ജി. എസ്. ടി രജിസ്ട്രേഷൻ ലളിതമാകും.

ഒറ്റ അപേക്ഷയിൽ ജി.എസ്.ടി റിട്ടേൺ സമർപ്പിക്കാനുള്ള സംവിധാനം അടുത്ത വർഷം ജനുവരി മുതൽ നടപ്പാക്കും. വ്യവസായികളുടെ ആവശ്യം പരിഗണിച്ച് വാർഷിക റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ജൂൺ 30ൽ നിന്ന് ആഗസ്‌റ്റ് 30 വരെ നീട്ടി.

മറ്റ് തീരുമാനങ്ങൾ


മൾട്ടിപ്ളക്‌സ് സിനിമാ തിയറ്ററുകളിൽ ഇ -ടിക്കറ്റിംഗിന് അനുമതി നൽകും

ജി.എസ്.ടി ക്രമക്കേടുകൾ കണ്ടെത്താനുള്ള നാഷണൽ ആന്റി പ്രൊഫിറ്റീയറിംഗ് അതോറിട്ടിയുടെ കാലാവധി രണ്ടു വർഷം കൂടി നീട്ടി. 2019 വരെയാണ് നിലവിലെ കാലാവധി.

ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി കുറയ്‌ക്കാനുള്ള ശുപാർശ ഉന്നതതല സമിതിക്ക് വിട്ടു.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇലക്ട്രോണിക് ഇൻവോയ്സ് സംവിധാനം നടപ്പാക്കും

 മാസത്തിൽ രണ്ടു റിട്ടേണുകൾക്ക് പകരം ഒറ്റ റിട്ടേൺ, ജി.എസ്.ടി രജിസ്ട്രേഷൻ പരിധി 40 ലക്ഷമാക്കി ഉയർത്തൽ തുടങ്ങി കഴിഞ്ഞ മാസങ്ങളിലെടുത്ത തീരുമാനങ്ങൾക്കും അംഗീകാരം നൽകി.

കേരളത്തിന്റെ എതിർപ്പുകൾ

അന്തർസംസ്ഥാന ചരക്കുനീക്കം നിരീക്ഷിക്കാനുള്ള ആർ.എഫ്.ഐ.ഡി സംവിധാനം വൈകുന്നതിൽ അതൃപ്‌തി അറിയിച്ചതായി യോഗത്തിൽ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇ-വേ ബില്ലുകൾ ഡൗൺലോഡ് ആയി ലഭിക്കുന്നില്ല. നിലവിൽ അതിർത്തി കവാടങ്ങളിൽ സ്ഥാപിച്ച കാമറകളുടെ സഹായത്തോടെയാണ് ചരക്കു നീക്കം നിരീക്ഷിക്കുന്നത്. ഇതിന് കാലതാമസമെടുക്കുന്നു. ലോട്ടറിയെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനും ഇരട്ട നികുതി ഒഴിവാക്കാനുമുള്ള നീക്കത്തെയും കേരളം എതിർത്തു.