sreedharan

ന്യൂഡൽഹി: സ്‌ത്രീകൾക്ക് ഡൽഹി മെട്രോ ട്രെയിനിൽ സൗജന്യ യാത്ര നടപ്പാക്കാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനം തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് മെട്രോമാൻ ഇ. ശ്രീധരൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് അയച്ച കത്തിൽ കുറ്റപ്പെടുത്തി. ഡൽഹി സർക്കാരിന്റെ കൈവശ്യം ഏറെ പണമുണ്ടെങ്കിൽ ഡൽഹി മെട്രോയിൽ നിക്ഷേപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗജന്യ യാത്ര അനുവദിക്കരുതെന്ന് ശ്രീധരൻ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ശ്രീധരനെ രംഗത്തിറക്കിയത് ബി.ജെ.പിയാണെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.

വനിതകൾക്ക് യാത്രാ സൗജന്യം നൽകുന്നതിന് താൻ എതിരല്ല. മെട്രോ ട്രെയിനിൽ സൗജന്യ യാത്ര അനുവദിക്കരുത്. ഡൽഹി സർക്കാരിന്റെ നീക്കം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാരുടെ വോട്ടു ലക്ഷ്യമിട്ടാണെന്ന് ഏവർക്കും അറിയാം. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ(ഡി.എം.ആർ.സി) എടുത്ത വായ്പ അടച്ചു തീരുന്നതു വരെ സൗജന്യ യാത്ര അനുവദിക്കരുത്. വനിതാ യാത്രക്കാരെ സൗജന്യമായി കൊണ്ടുപോകാൻ ആംആദ്മി സർക്കാർ ഡി.എം.ആർ.സിക്ക് പണം നൽകുമായിരിക്കും. എന്നാൽ പിന്നീടു വരുന്ന സർക്കാരുകൾ അതു ചെയ്യണമെന്നില്ല. അപ്പോൾ യാത്രാ സൗജന്യം പിൻവലിക്കേണ്ടി വരും. സൗജന്യ യാത്ര യാത്രക്കാരെ കിട്ടാതെ വലയുന്ന രാജ്യത്തെ മറ്റു മെട്രോ സർവീസുകളെയും സമ്മർദ്ദത്തിലാക്കും. അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ വിമർശിച്ച് മനീഷ് സിസോദിയ ശ്രീധരന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ശ്രീധരന്റെ കത്ത്. ഡൽഹി മെട്രോയുടെ സ്ഥാപകനും മുൻ എം.ഡിയുമായ ശ്രീധരൻ 2011ൽ വിരമിച്ച ശേഷം ഉപദേശകനായി തുടരുകയാണ്.