ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ ഉത്തർപ്രദേശിലെ പാർട്ടി ജില്ലാ ഘടകങ്ങൾ കോൺഗ്രസ് പിരിച്ചുവിട്ടു. അതേസമയം പി.സി.സി തുടരും. ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധിയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും ശുപാർശയുടെ അടിസ്ഥാനത്തിൽ സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലാണ് ഉത്തരവിറക്കിയത്. അച്ചടക്ക ലംഘനങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതിയും രൂപീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തോൽവിയെ തുടർന്ന് കർണാടകയിൽ പി.സി.സി പിരിച്ചു വിട്ടിരുന്നു.
പാർട്ടിയെ അടിത്തട്ടു മുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് എ.ഐ.സി.സിയുടെ നടപടി. യു.പി ഈസ്‌റ്റിലെ സംഘടനാ ചുമതലകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നിയമസഭാ കക്ഷി നേതാവായ അജയ് കുമാർ ലുല്ലുവിന് അധികാരം നൽകി. വെസ്‌റ്റേൺ യു.പിയിലെ ചുമതല ആർക്കെന്ന് ഉടൻ തീരുമാനിക്കും. വെസ്‌റ്റേൺ യു.പിയിലും ഈസ്‌റ്റേൺ യു.പിയിലും ഉടൻ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കാൻ രണ്ടുപേരടങ്ങിയ സമിതിയെ നിയമിക്കും. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ അച്ചടക്കം ലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുകയാണ് മൂന്നംഗ സമിതിയുടെ ഉത്തരവാദിത്വം.
80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ റായ്ബറേലിയിൽ സോണിയാ ഗാന്ധി സീറ്റു നിലനിറുത്തിയെങ്കിലും അമേതിയിൽ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം കനത്ത തോൽവി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് എ.ഐ.സി.സിയുടെ ഇടപെടൽ. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ജയിച്ച 11 എം.എൽ.എമാരുടെ ഒഴിവുകളിലേക്ക് ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കും.
കർണാടകയിലും സമാനമായ നടപടികൾക്കാണ് എ.ഐ.സി.സി നേതൃത്വം തുടക്കം കുറിച്ചത്. അദ്ധ്യക്ഷൻ ഗുണ്ടു റാവു, വർക്കിംഗ് പ്രസിഡന്റ് ഈശ്വർ ഖാണ്ഡെ എന്നിവരെ മാത്രം നിലനിറുത്തിയ ശേഷമാണ് ജംബോ പി.സി.സി പൂർണമായി പിരിച്ചുവിട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുൽ നേതാക്കളെ കാണും
ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്ര, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെയും നിയമസഭാ കക്ഷി നേതാക്കളെയും പി.സി.സി അദ്ധ്യക്ഷൻമാരെയും രാഹുൽ ചർച്ചയ്‌ക്ക് വിളിപ്പിച്ചു. ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ചുമതലയുള്ള ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് അദ്ധ്യക്ഷ സ്ഥാനമൊഴിയാൻ സന്നദ്ധനായെങ്കിലും നിയമസഭാ ഒരുക്കങ്ങളിൽ വീഴ്ച വരാൻ പാടില്ലെന്ന് രാഹുൽ നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകൾ വരെ രാഹുൽ അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടതായി അറിയുന്നു.