ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പുകഴ്‌ത്തി ബി.ജെ.പി അംഗങ്ങളും കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പ്രതിപക്ഷത്തിന്റെ തിരിച്ചടിയുമാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയുടെ ആദ്യ ദിവസം പാർലമെന്റിന്റെ ഇരു സഭകളെയും ചൂടുപിടിപ്പിച്ചത്. ജമ്മു കാശ്മീർ അതിർത്തി നിവാസികൾക്ക് സംവരണം ഉറപ്പു നൽകുന്ന ബില്ലും ആധാർ ഒാർഡിനൻസിന് പകരമുള്ള ബില്ലും ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ചു.
ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി അംഗവും കേന്ദ്ര മന്ത്രിയുമായ പ്രതാപ് ചന്ദ്ര സാംരംഗിയാണ് ലോക്സഭയിൽ ഇന്നലെ നന്ദ്ര പ്രമേയ ചർച്ചയ്‌ക്ക് തുടക്കമിട്ടത്. സംസ്‌കൃത പണ്ഡിതനായ സാംരംഗി ഒഡിയ, ഹിന്ദി, ബംഗാളി, ഇംഗ്ളീഷ് ഭാഷകളിലുമുള്ള പ്രാവിണ്യം തെളിയിച്ച പ്രസംഗത്തിന്റെ ഭൂരിഭാഗവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്താനാണ് വിനിയോഗിച്ചത്. കോൺഗ്രസിനെയും രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് തുടങ്ങിയ നേതാക്കളെയും വിമർശിച്ചത് കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും സ്‌പീക്കർ ഒാം ബിർള അതിലൊന്നും ഇടപെട്ടില്ല.
മോദി ഒരു നല്ല സെയിൽസ്മാൻ ആണെന്ന് ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് ലോക്സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തെ വിമർശിച്ച ചൗധരിയുടെ പ്രസംഗത്തിലെ ചില വാക്കുകൾ സ്‌പീക്കർ രേഖകളിൽ നിന്ന് നീക്കം ചെയ്‌തു. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ച് പ്രസംഗിച്ചു. കഴിഞ്ഞ അഞ്ചു വർഷം ഇന്ത്യ സാമ്പത്തികമായി പിന്നോക്കം പോയതാണ് യാഥാർത്ഥ്യമെന്ന് ലോക്സഭയിലെ ചർച്ചയിൽ പങ്കെടുത്ത മുസ്ളീം ലീഗ് എംപി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുത്തലാഖ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത് എന്ന നിലയിലാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
ആരിഫിന്റെ കന്നി പ്രസംഗം
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തെ വിമർശിച്ചുകൊണ്ടാണ് ലോക്സഭയിൽ കന്നി പ്രസംഗം നടത്തിയ ആലപ്പുഴ എം.പി എ.എം.ആരിഫും ചർച്ചയിൽ പങ്കെടുത്തത്. രാഷ്‌ട്രപതി ഗുരുദേവന്റെ ഉദ്‌ബോധനം ഉദ്ധരിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു. ബ്രാഹ്മണ മേധാവിത്വത്തെയും മനുസ്മൃതിയെയും എതിർത്ത ഗുരു മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നാണ് പഠിപ്പിച്ചത്. ഒറ്റ രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണ്. മുത്തലാഖ് സുപ്രീംകോടതി നിരോധിച്ച സാഹചര്യത്തിൽ ക്രിമിനൽ കുറ്റമാക്കി നിയമം കൊണ്ടുവരുന്നത് തികച്ചും വിവേചനപരമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.
അമിത് ഷായുടെ ആദ്യ ബിൽ
ജമ്മു കാശ്മീർ അതിർത്തിയുടെ പത്തു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഉറപ്പാക്കുന്ന ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി എന്ന നിലയിൽ അമിത് ഷായുടെ ആദ്യ ബില്ലാണിത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അവതരിപ്പിച്ച ആധാർഭേദഗതി ബില്ലിനെ ആർ.എസ്.പി എംപി എൻ.കെ. പ്രേമചന്ദ്രൻ എതിർത്തു. ബിൽ മൗലികാവകാശങ്ങളുടെയും സുപ്രീംകോടതി വിധിയുടെയും നഗ്നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.