ന്യൂഡൽഹി: മുസാഫർപൂരിൽ 126 കുട്ടികളുടെ മരണത്തിനിടയാക്കിയ മസ്‌തിഷ്‌ക ജ്വരബാധയ്ക്കെതിരെ എന്തൊക്കെ നടപടിയെടുത്തെന്ന് വ്യക്തമാക്കാൻ ബീഹാർ സർക്കാരിനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതിയുടെ നിർദ്ദേശം. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. മസ്‌തിഷ്‌ക ജ്വരം ബാധിച്ച കുട്ടികളുടെ ചികിത്സ, ശുചിത്വം, പോഷകാഹാരം ലഭ്യമാക്കൽ, പൊതുജനാരോഗ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ സത്യവാങ്മൂലം നൽകണം. സമാനമായ രോഗം റിപ്പോർട്ടു ചെയ്‌തപ്പോൾ സ്വീകരിച്ച നടപടിയെക്കുറിച്ച് അറിയിക്കാൻ ഉത്തർപ്രദേശ് സർക്കാരിനും നോട്ടീസ് അയച്ചു.
126 കുട്ടികളുടെ മരണം ചൂണ്ടിക്കാട്ടി നടപടി ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിംഗ് അജ്മാനി എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. മസ്‌തിഷ്‌ക ജ്വരം തടയുന്നതിൽ ബീഹാർ സർക്കാർ പാടെ പരാജയപ്പെട്ടെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. ആവശ്യത്തിന് ഡോക്ടർമാരും ആശുപത്രി കിടക്കകളും ഐ.സി.യുകളും മെഡിക്കൽ വിദഗ്ദ്ധരും ഇല്ലാതിരുന്നതാണ് രോഗം പടരാൻ ഇടയാക്കിയത്. മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്‌ത മൂലം ചികിത്സിച്ച് ഭേദഗമാക്കാൻ കഴിയുമായിരുന്ന രോഗം വൻ ദുരന്തം വരുത്തി. മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് പത്തു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകണമെന്നും അടിയന്തരമായി ആരോഗ്യ,ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.