kozhikode-medical-college
Kozhikode Medical College

ന്യൂഡൽഹി: ആരോഗ്യ മേഖലയിലെ സമഗ്ര വികസനം അടിസ്ഥാനമാക്കി നീതി ആയോഗ് തയ്യാറാക്കിയ രണ്ടാമത്തെ ആരോഗ്യറിപ്പോർട്ടിലും വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം 74 പോയിന്റോടെ നേടി ഒന്നാം റാങ്ക് നിലനിറുത്തി. 28 പോയിന്റ് മാത്രം നേടിയ ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ. മസ്‌തിഷ്‌കജ്വരം ബാധിച്ച് നൂറിലധികം കുട്ടികൾ മരിച്ച ബീഹാറും ആരോഗ്യമേഖലയിൽ പിന്നിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ചെറിയ സംസ്ഥാനങ്ങളിൽ മിസോറം മുന്നിലെത്തിയപ്പോൾ നാഗാലാൻഡ് ആണ് പിന്നിൽ.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഢ് ആദ്യസ്ഥാനം നേടി.

ആരോഗ്യപരിപാലനം, ശിശുമരണം, അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ മരണം, ഗർഭിണികളുടെ എണ്ണം, ഭാരം കുറഞ്ഞ നവജാത ശിശുക്കൾ, ആൺ- പെൺ ജനനനിരക്ക്, ക്ഷയരോഗ സാന്നിധ്യം, എച്ച്.ഐ. വി സാന്നിധ്യം തുടങ്ങി 23 സൂചികകളുടെ അടിസ്ഥാനത്തിൽ 2016 മുതൽ 2018 വരെയുള്ള സ്ഥിതിവിവരങ്ങളാണ് റാങ്കിന് അടിസ്ഥാനം. നീതി ആയോഗിന്റെ ആദ്യ റാങ്ക് പട്ടികയിലും കേരളത്തിനായിരുന്നു ഒന്നാം സ്ഥാനം. അതേസമയം, കേരളം വിവിധ മേഖലകളിൽ പിന്നാക്കം പോയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2030 ആകുമ്പോഴേക്കും ശിശുമരണ നിരക്ക് ആയിരത്തിൽ 12 ആയി കുറയ്‌ക്കുകയെന്ന ലക്ഷ്യം കേരളം കൈവരിക്കണം. നിലവിൽ മരണനിരക്ക് ആയരിത്തിൽ 25 ആണ്.

കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന പഞ്ചാബ് സമഗ്ര വികസനത്തിൽ അഞ്ചാം സ്ഥാനത്തേക്കും, മൂന്നാം റാങ്ക് നേടിയ തമിഴ്നാട് ഇത്തവണ ഒൻപതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.