ന്യൂഡൽഹി: ഗുജറാത്തിൽ നിന്ന് ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് പ്രത്യേകം തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്‌ത് കോൺഗ്രസ് നൽകിയ ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. അതേസമയം തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്‌ത് പിന്നീട് കോടതിയെ സമീപിക്കാമെന്നും ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് വ്യക്തമാക്കി.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവർ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ഒഴിവു വന്ന രണ്ടു സീറ്റുകളിലേക്കാണ് ഒറ്റ ദിവസം രണ്ട് ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടുപേരുടെയും ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം രണ്ടു സമയങ്ങളിലായി വന്നതിനാൽ വിജ്ഞാപനം പുറപ്പെടുവിച്ചതും വെവ്വേറെയാണ്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടു തിരഞ്ഞെടുപ്പ് നടത്തുന്നത്. ഒറ്റ തിരഞ്ഞെടുപ്പ് ആയിരുന്നെങ്കിൽ വോട്ട് മൂല്യത്തിന്റെ ആനുകൂല്യത്തിൽ കോൺഗ്രസ് ഒരുസീറ്റിൽ ജയിച്ചേനെ. ഈ സാഹചര്യത്തിലാണ് കമ്മിഷൻ തീരുമാനം ചോദ്യം ചെയ്‌ത് കോൺഗ്രസ് ഗുജറാത്ത് ഘടകം സുപ്രീംകോടതിയെ സമീപിച്ചത്. 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബി.ജെ.പിക്ക് 100 അംഗങ്ങളും കോൺഗ്രസിന് 75 അംഗങ്ങളുമാണുള്ളത്.