drunk-driving

ന്യൂഡൽഹി: ആംബുലൻസ്, ഫയർഎൻജിൻ, പൊലീസ് കൺട്രോൾ റൂം വാഹനങ്ങൾക്ക് വഴി കൊടുക്കാതെ ഗതാഗത തടസമുണ്ടാക്കിയാൽ 10,000 രൂപ പിഴ ഈടാക്കാനും ഡ്രൈവിംഗ് ലൈസൻസിനും വാഹന രജിസ്ട്രേഷനും ആധാർ നിർബന്ധമാക്കാനുമുള്ള വ്യവസ്ഥകൾ അടങ്ങിയ മോട്ടോർ വാഹന ഭേദഗതി ബില്ലിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് പതിനായിരം രൂപ, അമിത വേഗത്തിന് 5000 രൂപ, ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ഇല്ലാതെയും വാഹനം ഒാടിച്ചാൽ നൂറു രൂപയ്ക്കു പകരം 1000 തുടങ്ങി ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ പത്തിരട്ടിയോളം വർദ്ധിപ്പിക്കാനുള്ള ഭേദഗതികൾ ബില്ലിലുണ്ട്.

നടപ്പു പാർലമെന്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

പുതിയ ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ:

 മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപ പിഴ (നിലവിൽ 2000 രൂപ)

 അമിത വേഗത്തിൽ വാഹനം ഒാടിച്ചാൽ 5000 രൂപ (നിലവിൽ 500)

 ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഒാടിച്ചാൽ 1000 (നിലവിൽ100)

 ലൈസൻസ് ഇല്ലാതെ വാഹനം ഒാടിച്ചാൽ 5000 രൂപ (നിലവിൽ 500)

 വാഹനം ഒാടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയ്‌ക്ക് 5000 രൂപ (നിലവിൽ 1000)

 ഡ്രൈവിംഗ് ലൈസൻസ് കാലാവധി 20 വർഷത്തിൽ നിന്ന് 10 വർഷമായി കുറയ്ക്കുക.

 തകരാറുള്ള വാഹനങ്ങൾ കമ്പനി തിരികെ വാങ്ങി ഉപഭോക്താവിന് മുഴുവൻ പണവും മടക്കി നൽകണം (കമ്പനിക്ക് 500 കോടി വരെ പിഴയ്ക്കും സാദ്ധ്യത)

 വാഹനം ഇടിച്ചിട്ട് ഒാടിച്ചു പോകുന്ന കേസുകളിൽ 2 ലക്ഷം രൂപ നഷ്‌ടപരിഹാരം (നിലവിൽ 25,000 രൂപ)

 കുട്ടികൾ വാഹനം ഒാടിച്ചാൽ രക്ഷിതാവിന് 25,000 രൂപ പിഴയും 3 വർഷം തടവും ലൈസൻസ് റദ്ദാക്കലും

 റോഡിന്റെ തകരാർ കാരണമുള്ള അപകടത്തിന് കരാറുകാരൻ, സർക്കാർ വകുപ്പ്, കൺസൾട്ടൻസി എന്നിവർ ഉത്തരവാദികൾ