public-interest-litigatio

ന്യൂഡൽഹി: സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജികൾ പരിഗണിക്കാൻ മുതിർന്ന അഞ്ച് ജഡ്ജിമാർക്ക് അധികാരം നൽകുന്നത് അടക്കമുള്ള പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉത്തരവിറക്കി. പൊതുതാത്പര്യ ഹർജികൾ ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ചിൽ മാത്രം കേൾക്കുന്ന രീതി ഇതോടെ അവസാനിക്കും. വേനൽ അവധിക്ക് ശേഷം കോടതി തുറക്കുന്ന ജൂലായ് ഒന്നു മുതൽ പുതിയ സമ്പ്രദായം നിലവിൽ വരും.

ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരുന്നപ്പോൾ, ഹർജികൾ ആരു പരിഗണിക്കണമെന്ന തർക്കത്തെ ചൊല്ലി ഇപ്പോഴത്തെ ചീഫ് ജസ്‌‌റ്റിസ് രഞ്ജൻ ഗോഗോയ് അടക്കം നാല് മുതിർന്ന ജഡ്ജിമാർ പത്രസമ്മേളനം നടത്തിയത് വിവാദമായിരുന്നു.

പുതിയ തീരുമാനം അനുസരിച്ച് ചീഫ് ജസ്‌‌റ്റിസ് രഞ്ജൻ ഗോഗോയിയുടെ ബെഞ്ചിന് പുറമെ ജസ്‌റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ, അരുൺമിശ്ര, രോഹിംഗ്ടൺ നരിമാൻ എന്നിവരുടെ ബെഞ്ചിലേക്കും പൊതുതാൽപര്യ ഹർജികൾ കൈമാറും.

തിരഞ്ഞെടുപ്പു ഹർജികൾ ഇതുവരെ ചീഫ് ജസ്‌റ്റിസിന്റെ ബെഞ്ച് മാത്രമാണ് കേട്ടിരുന്നത്. ഇനി ജസ്‌റ്റിസ് ബോബ്ഡെയുടെ ബെഞ്ചിലും തിരഞ്ഞെടുപ്പ് ഹർജികൾ പോകും.

നിലവിൽ സുപ്രീംകോടതിയിലും ഹൈക്കോടതികളിലും പൊതുതാൽപര്യ ഹർജികൾ ചീഫ്ജസ്‌റ്റിസ് ബെഞ്ചിൽ പരിഗണിക്കുന്നതാണ് പതിവ്. എന്നാൽ പൊതുതാത്പര്യ ഹർജികളുടെ എണ്ണം മുമ്പത്തെക്കാൾ വർദ്ധിച്ചതു കൂടി കണക്കിലെടുത്താണ് ചീഫ് ജസ്‌റ്റിസിന്റെ തീരുമാനം. ചീഫ് ജസ്‌റ്റിസിന്റെ കോടതിയിൽ കേസുകൾ കുമിഞ്ഞു കൂടിയിരുന്നത് ഒഴിവാക്കാനുമാകും. പൊതുതാത്പര്യ ഹർജികൾ മുതിർന്ന നാലു ജഡ്‌ജിമാർക്കു കൂടി പങ്കിടുന്നതിനാൽ ചീഫ് ജസ്റ്റിസിന് പ്രാധാന്യമുള്ള മറ്റു കേസുകൾ പരിഗണിക്കാൻ സമയം ലഭിക്കും.

വിരമിക്കാൻ നാലുമാസം ശേഷിക്കെയാണ് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയിയുടെ പരിഷ്കാരം.