ന്യൂഡൽഹി: തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ഇതുവരെ ആർക്കും കൈമാറിയിട്ടില്ലെന്നും ലേലത്തിൽ പരിഗണിച്ചത് ഉയർന്ന തുക ക്വട്ടേഷൻ മാത്രമാണെന്നും കേന്ദ്ര സർക്കാർ ലോക് സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയടക്കം നിർണായക ജോലികൾ സർക്കാർ ഏജൻസികൾക്കായിരിക്കുമെന്നും എം.പിമാരായ കെ.മുരളീധരനും ടി.എം പ്രതാപനും
വ്യോമയാന സഹമന്ത്രി ഹർദീപ് സിംഗ്പുരി നൽകിയ മറുപടിയിൽ പറയുന്നു. എന്നാൽ ആറ് വിമാനത്താവളങ്ങളുടെയും നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പിന് ലഭിച്ച വിവരം മറുപടിയിൽ ഇല്ല.
കരാർ ലഭിച്ചത് വിമാനത്താവള മേഖലയിൽ മുൻ പരിചയമുള്ള കമ്പനിയാക്കാണോ എന്ന ചോദ്യത്തിന് , യാത്രക്കാരുടെ ഫീസ് അടിസ്ഥാനത്തിൽ ഉയർന്ന തുക നൽകുന്നവർക്ക് ബിഡ് നടത്തിപ്പ് കൈമാറുന്നതാണ് എയർപോർട്ട് അതോറിട്ടിയുടെ രീതിയെന്ന് മന്ത്രി മറുപടി നൽകി. കേരള സർക്കാരും പ്രത്യേക കമ്പനി വഴി ലേലത്തിൽ പങ്കെടുത്തെന്നും ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ താത്പര്യം കേന്ദ്രസർക്കാർ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സ്വകാര്യ കമ്പനികളെ നടത്തിപ്പ് ഏൽപ്പിക്കുമ്പോഴുള്ള ആശങ്കകൾ കണക്കിലെടുത്ത് സുരക്ഷാ, കസ്‌റ്റംസ്, ഇമിഗ്രേഷൻ, മൃഗ-സസ്യ പാലനം, കാലാവസ്ഥാ ശാസ്‌ത്രം തുടങ്ങിയ മേഖലകളുടെ ചുമതല സർക്കാർ ഏജൻസികൾക്കായിരിക്കും. കമ്മ്യൂണിക്കേഷൻ നാവിഗേഷൻ സർവീസ്(സി.എൻ.എസ്), എയർട്രാഫിക് കൺട്രോൾ തുടങ്ങിയവ എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ തന്നെ നിർവഹിക്കും.
1300 കോടി വരുമാനം പ്രതീക്ഷ
2018 നവംബർ എട്ടിനാണ് തിരുവനന്തപുരം, അഹമ്മദാബാദ്, ജയ് പൂർ, ലക് നൗ, ഗുവാഹതി, മംഗലാപുരം വിമാനത്താവള നടത്തിപ്പിൽ സ്വകാര്യവത്കരണത്തിന് കേന്ദ്രസർക്കാർ തീരുമാനിച്ചത്. എയർപോർട്ട് അതോറിട്ടിക്ക് സ്വകാര്യവത്കരണം വഴി 1,300 കോടി രൂപ വരുമാനമുണ്ടാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനായുള്ള ലേലത്തിൽ സംസ്ഥാന സർക്കാർ ഏജൻസി പങ്കെടുത്തെങ്കിലും വാഗ്‌ദാനം ചെയ്ത പരിഗണന ലഭിച്ചില്ല. കൊച്ചി, കണ്ണൂർ വിമാനത്താവള നടത്തിപ്പിൽ പരിചയമുള്ള സംസ്ഥാന സർക്കാരിനെ പരിഗണിക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചിരുന്നു. മറ്റു വിമാനത്താവളങ്ങൾക്കൊപ്പം തിരുവനന്തപുരത്തും കരാർ ലഭിച്ചത് അദാനി ഗ്രൂപ്പിനാണെങ്കിലും ലേല നടപടികൾ പൂർത്തിയായപ്പോഴേക്കും ലോക് സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കേന്ദ്ര സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയില്ല. ജൂലായിൽ അദാനി ഗ്രൂപ്പിന് കൈമാറാനുള്ള ഉത്തരവിറങ്ങുമെന്നാണ് സൂചന.