amitsha

ജമ്മുകാശ്മീരിൽ രാഷ്‌ട്രപതി ഭരണം നീട്ടാനുള്ള ബില്ലിന് അനുമതി

ന്യൂഡൽഹി: ജമ്മുകാശ്‌മീരിന്റെ ഒരു ഭാഗം പാകിസ്ഥാന് സ്വന്തമായത് ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ നയപരാജയങ്ങൾ മൂലമാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവന ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കി. ജമ്മുകാശ്മീരിൽ രാഷ്‌ട്രപതി ഭരണം ആറുമാസത്തേക്കു കൂടി നീട്ടിയ ഓർഡിനൻസിന് നിയമസാധുത നൽകാനുള്ള ബില്ലും ജമ്മുകാശ്മീർ അതിർത്തിയിൽ താമസിക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഉറപ്പാക്കുന്ന ബില്ലും ചർച്ച ചെയ്യുമ്പോഴാണ് സംഭവം. പ്രതിപക്ഷ ബഹളത്തിൽ ഏറെ നേരം സഭാനടപടികൾ തടസപ്പെട്ടു. രണ്ടു ബില്ലുകളും ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ജമ്മുകാശ്മീരിൽ ആറുമാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നും ഷാ വ്യക്തമാക്കി.

ബില്ലിന്റെ ചർച്ചയ്‌ക്കിടെ കോൺഗ്രസ് നേതാവ് മനീഷ് തീവാരി വിഭജനത്തെ പരാമർശിച്ചത് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ തുടങ്ങിയത്. ഇന്ത്യാ വിഭജനം നടക്കാനും ഇന്ന് ജമ്മുകാശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം നഷ്‌ടപ്പെടാനും ആരാണ് കാരണക്കാരൻ എന്ന് അമിത് ഷാ ചോദിച്ചു. പാക് സേനയെ ഇന്ത്യൻ സേന പൂർണമായി കീഴ്പ്പെടുത്താൻ ഒരുങ്ങുമ്പോഴാണ് ജവഹർലാൽ നെഹ്റു വെടിനിറുത്തൽ പ്രഖ്യാപിച്ചത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേലിന് അർഹമായ ആദരവ് ലഭിച്ചിരുന്നെങ്കിൽ ജമ്മുകാശ്മീർ വിഷയം പരിഹരിക്കപ്പെട്ടേനെ. ഇതോടെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. കോൺഗ്രസ് സഭാ നേതാവ് ആധിർ രഞ്ജൻ ചൗധരി, ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ്, എം.പിമാരായ കെ.മുരളീധരൻ, ടി.എൻ. പ്രതാപൻ, ബെന്നി ബെഹ്‌നാൻ, ഹൈബി ഈഡൻ തുടങ്ങിയവർ എഴുന്നേറ്റ് നിന്ന് പ്രസ്‌താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എങ്കിൽ പേരു പറയുന്നില്ലെന്നും ആദ്യ പ്രധാനമന്ത്രി എന്നുപയോഗിക്കാമെന്നും ഷാ തുടർന്നുപറഞ്ഞത് കോൺഗ്രസ് എം.പിമാരെ കൂടുതൽ പ്രകോപിതരാക്കി.

അതേസമയം, രാഷ്ട്രപതി ഭരണം നീട്ടിയ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ആർ.എസ്.പി അംഗം എൻ.കെ. പ്രേമചന്ദ്രൻ നൽകിയ നിരാകണ പ്രമേയം സഭ വോട്ടിനിട്ട് തള്ളി.