ഡൽഹി: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് 25 കോടി ഡോളറിന്റെ (ഏകദേശം1726 കോടി രൂപ) ധനസഹായം നൽകാനുള്ള കരാറിൽ ലോക ബാങ്കും കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഒപ്പിട്ടു. 'ക്ലൈമറ്റ് റിസിലിയൻസ് പ്രോഗ്രാം' വഴിയാണ് സഹായം. ഒരു സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ലോക ബാങ്ക് ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്.
പ്രളയനാശം പഠിക്കാൻ കേരളത്തിൽ എത്തിയ ലോകബാങ്ക് സംഘം 50കോടി ഡോളറിന്റെ സഹായം ശുപാർശ ചെയ്‌തിരുന്നു. കഴിഞ്ഞ 27ന് വാഷിംഗ്ടണിലെ ലോകബാങ്ക് ആസ്ഥാനത്തു ചേർന്ന ബോർഡ് യോഗം ആദ്യഗഡുവായാണ് 25 കോടി ഡോളർ അനുവദിച്ചത്. അത്രയും തുക വീണ്ടും ലഭിച്ചേക്കും.
കേന്ദ്ര സർക്കാരിന് വേണ്ടി ധനകാര്യ അഡിഷണൽ സെക്രട്ടറി സമീർ കുമാർ ഖാരെയും കേരളത്തിന് വേണ്ടി ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിയും ലോക ബാങ്കിന് വേണ്ടി കൺട്രി ഡയറക്ടർ ജുനൈദ് അഹമ്മദും കരാറിൽ ഒപ്പുവച്ചു.
കേരളത്തിലെ പദ്ധതി വഴി വികസന പ്രവർത്തനങ്ങൾക്ക് മറ്റ് പങ്കാളികളെ കണ്ടെത്താനും ആഗോള തലത്തിലുള്ള മികച്ച പുനർനിർമ്മാണ മാതൃകകൾ സ്വായത്തമാക്കാനും കഴിയുമെന്ന് ലോക ബാങ്ക് ഇന്ത്യയുടെ ടാസ്‌ക് ടീം ലീഡർ ബാലകൃഷ്ണ മേനോൻ പറഞ്ഞു
പ്രളയം കേരളത്തിലെ ആറിലൊന്ന് ജനങ്ങളെയും സാരമായി ബാധിച്ചെന്നും അടിസ്ഥാനസൗകര്യങ്ങളും വസ്തുവകകളും നശിക്കുകയും ലക്ഷക്കണക്കിന് മനുഷ്യരുടെ ഉപജീവനമാർഗങ്ങൾ നഷ്ടപ്പെടുകയും ചെയ്തെന്നും ലോക ബാങ്ക് വിലയിരുത്തി. ദുരിതബാധിതരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഉപജീവനമാർഗങ്ങൾ ഒരുക്കാനും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ധനകാര്യ ശേഷിയും ശക്തിപ്പെടുത്താനുമാണ് ധനസഹായം നൽകുന്നത്.
അതേസമയം, പ്രളയാനന്തര പുനർനിർമ്മാണത്തിന് ജർമ്മൻ വികസന ബാങ്കിന്റെ 200 ദശലക്ഷം ഡോളറിന്റെയും ( 1,380 കോടി രൂപ ) ഏഷ്യൻ വികസന ബാങ്കിന്റെ 250 ദശലക്ഷം ഡോളറിന്റെയും ( 1725 കോടി രൂപ )സഹായം കിട്ടാനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് റവന്യൂ സെക്രട്ടറി ബി. വേണു ഡൽഹിയിൽ അറിയിച്ചു.
വായ്‌പാ നിബന്ധനകൾ
5 വർഷം ഗ്രേസ് പിരീയഡ്
മൊത്തം 25 വർഷം കാലാവധി
1250 കോടിക്ക് 1.5 % പലിശ
550 കോടിക്ക് 5% പലിശ
ധനസഹായം ഇതിനൊക്കെ:
ജല വിതരണ ശൃംഖല മെച്ചപ്പെടുത്തൽ
കാർഷിക പുനരുജ്ജീവനം
കാർഷിക വിള ഇൻഷ്വറൻസ്
റോഡ് പുനർനിർമ്മാണം
അഴുക്കുചാൽ നിർമ്മാണം
അപകട മേഖലയിലെ ഭൂപ്രകൃതിയുടെ വിവരശേഖരണം
സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി മെച്ചപ്പെടുത്തൽ
ക്ലൈമറ്റ് റിസിലിയൻസ്
കാലാവസ്ഥാ മാറ്റം, പ്രകൃതി ദുരന്തം എന്നിവയെ അതിജീവിക്കുന്നതിന് സഹായം നൽകുന്ന ലോക ബാങ്കിന്റെ പദ്ധതിയാണ് ക്ലൈമറ്റ് റിസിലിയൻസ് പ്രോഗ്രാം.
.