congress

ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും പാർട്ടിയിൽ അഴിച്ചുപണിക്ക് അവസരമൊരുക്കാനുമായി എ.ഐ.സി.സിയിൽ നിന്നും പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവയിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു. ഡൽഹി, തെലുങ്കാന, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ്, മേഘാലയ സംസ്ഥാനങ്ങളിൽ നിന്നുള്ള 80ഓളം നേതാക്കളാണ് രാജിവച്ചത്. എ.ഐ.സി.സിയുടെ നിയമ, വിവരാവകാശ വിഭാഗം ഉപാദ്ധ്യക്ഷൻ വിവേക് ടാങ്കയാണ് രാജിക്ക് തുടക്കമിട്ടത്. രാജിവച്ച നേതാക്കൾ രാഹുൽ അദ്ധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും പാർട്ടിയിൽ അഴിച്ചുപണി നടത്തണമെന്നും ആവശ്യപ്പെടുന്നു. രാഹുലിനോടുള്ള ബഹുമാന സൂചകമായി രാജിവയ്‌ക്കുന്നു എന്നെഴുതിയ ശേഷം നേതാക്കൾ ഒന്നിച്ച് ഒപ്പിട്ട കത്താണ് കൈമാറിയത്.

വിവേക് ടാങ്കയ്‌ക്കു പുറമെ നോർത്ത് ഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി രാജേഷ് ലിലോത്തിയ, ഹരിയാന മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സുമിത്രാ ചൗഹാൻ, മേഘാലയിൽ നിന്നുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി നെറ്റാ പി. സാഗ്മ, സെക്രട്ടറി വീരേന്ദ്ര റാഥോർ, ഛത്തീസ്ഗഡ് സെക്രട്ടറി അനിൽ ചൗധരി, മധ്യപ്രദേശ് സെക്രട്ടറി സുധീർ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീർ യാദവ് തുടങ്ങിയവർ രാജിവച്ചു.

അഴിച്ചുപണിയുടെ ഭാഗമായി ഉത്തർപ്രദേശ് ഡി.സി.സികളും കർണാടകയിൽ പി.സി.സിയും പിരിച്ചുവിട്ടിരുന്നു.