ന്യൂഡൽഹി: പബ്ളിക് പ്രൊവിഡന്റ് ഫണ്ടും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റും അടക്കമുള്ള ചെറുകിട സമ്പാദ്യ പദ്ധതികൾക്കുള്ള ജൂലായ്-സെപ്‌തംബർ പാദത്തിലെ പലിശ നിരക്ക് 0.1ശതമാനമായി കുറച്ചു. അതേസമയം സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നാലു ശതമാനമായി തുടരും.
റിസർവ് ബാങ്ക് റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകളും സ്ഥിര നിക്ഷേപ പലിശയിൽ കുറവു വരുത്തിയ സാഹചര്യത്തിലാണിത്.
പബ്ളിക് പ്രൊവിഡന്റ് ഫണ്ടിനും നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിനുമുള്ള പലിശ നിലവിലെ എട്ടു ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറയും. കിസാൻവികാസ് പത്രികയിൽ 7.6 ശതമാനം(നിലവിൽ 7.7%) പലിശ ലഭിക്കും. മറ്റ് നിക്ഷേപങ്ങളുടെ പലിശ നിരക്ക്: സുകന്യ സമൃദ്ധി അക്കൗണ്ട്: 8.4%, അഞ്ചു വർഷ സീനിയർ സിറ്റിസൺ പദ്ധതി: 8.6%, 1-3 വർഷ തപാൽ ഓഫീസ് ടേം ഡിപ്പോസിറ്റ്: 6.9%, അഞ്ചു വർഷ തപാൽ നിക്ഷേപം: 7.7%, റിക്കറിംഗ് നിക്ഷേപം: 7.2%