ഒറ്റ റേഷൻ കാർഡിൽ ഏതു സംസ്ഥാനത്തു നിന്നും സാധനങ്ങൾ വാങ്ങാം
ന്യൂഡൽഹി: രാജ്യത്ത് എവിടെനിന്നും ഒറ്റ റേഷൻകാർഡ് ഉപയോഗിച്ച് സബ്സിഡി ഭക്ഷധാന്യങ്ങൾ വാങ്ങാനുള്ള സൗകര്യമൊരുക്കുന്നതിന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഒരു വർഷത്തെ കാലാവധി നൽകി. ഒരു രാജ്യം, ഒറ്റ റേഷൻ കാർഡ് പദ്ധതി അടുത്ത വർഷം ജൂൺ 30-നു മുമ്പ് നടപ്പാക്കാനാണ് നിർദേശം. ജോലിക്കും മറ്റുമായി അന്യസംസ്ഥാനങ്ങളിലേക്ക് താമസം മാറ്റേണ്ടിവരുന്നവർക്ക് പ്രയോജനപ്പെടുന്ന പദ്ധതി, രണ്ടാം മോദി സർക്കാരിന്റെ നൂറുദിവസ പദ്ധതികളുടെ ഭാഗമാണ്.
ഒരു റേഷൻ കാർഡിൽ സംസ്ഥാനത്ത് എവിടെ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങൾ ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, മഹാരാഷ്‌ട്ര, രാജസ്ഥാൻ, തെലങ്കാന, ത്രിപുര എന്നിവയാണ് കേരളത്തിനു പുറമെ ഈ സംവിധാനം ഏർപ്പെടുത്തിയ സംസ്ഥാനങ്ങളെന്ന് കഴിഞ്ഞ ദിവസം പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.
തമിഴ്നാട്, പഞ്ചാബ്, ഒഡിഷ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ റേഷൻ കടകളിൽ പണരഹിത ഇടപാട് മാർഗമായ പി. ഒ.എസ് (പോയിന്റ് ഒഫ് സെയിൽ) സംവിധാനമുള്ളതിനാൽ കേന്ദ്ര പദ്ധതി സുഗമമായി നടപ്പാക്കാൻ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ വിളിച്ച സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരുടെ യോഗം പദ്ധതി നടപ്പാക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്‌തിരുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കൽ, സമ്പൂർണ കംപ്യൂട്ടർവത്കരണം, ഭക്ഷ്യധാന്യങ്ങളുടെ ശേഖരണത്തിലെയും വിതരണത്തിലെയും സുതാര്യത എന്നിവ ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
പദ്ധതി നേട്ടങ്ങൾ:
1. കാർഡ് ഉടമയ്‌ക്ക് രാജ്യത്ത് എവിടെനിന്നും റേഷൻ സാധനങ്ങൾ വാങ്ങാം
2. ഒരു റേഷൻ വ്യാപാരിയെ മാത്രം ആശ്രയിക്കുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാകും
3. മറ്റു സംസ്ഥാനങ്ങളിലേക്ക് താമസം മാറ്റുന്നവർക്ക് റേഷൻ സൗകര്യം ലഭ്യമാകും
4. റേഷൻ കാർഡ് വിവരങ്ങൾ കേന്ദ്രീകൃതമാകുന്നതോടെ വ്യാജ കാർഡുകൾ ഒഴിവാകും