ന്യൂഡൽഹി: പ്രവാസികൾക്ക് സഹായവുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇനി സദാ ഉണർന്നിരിക്കും. വിദേശത്ത് ഡാൻസ് ബാറിൽ ജോലിക്കെത്തിയ തമിഴ് യുവതിയെ രക്ഷപ്പെടുത്തിയും, ബന്ദിയാക്കപ്പെട്ട മലയാളിയെ സഹായിച്ചും മുരളീധരന്റെ ട്വിറ്റർ ഹാൻഡിൽ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.
ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് കോയമ്പത്തൂർ സ്വദേശികളായ നാലു യുവതികളെ ദുബായിലെ ഡാൻസ്ബാറിലെത്തിച്ച വിവരം കഴിഞ്ഞ ദിവസമാണ് ട്വിറ്റർ വഴി മന്ത്രി അറിഞ്ഞത്. ഡാൻസ് ചെയ്യാൻ വിസമ്മതിച്ച യുവതികളെ സ്പോൺസർ മുറിയിൽ പൂട്ടിയിടുകയായിരുന്നു. വി. മുരളീധരന്റെ ഇടപെടലിനെ തുട
ന്ന് ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് യുവതികളെ മോചിപ്പിച്ച് നാട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
ജോലി ചെയ്തിരുന്ന സൂപ്പർമാർക്കറ്റ് പൂട്ടിയതിനെ തുടർന്ന് ആറു മാസമായി ദുബായിൽ മുറിക്കു പുറത്തിറങ്ങാൻ നിവൃത്തിയില്ലാതായ തൃശൂർ സ്വദേശി പി. ജി. രാജേഷ് സ്വന്തം ദുരിതാനുഭവം മന്ത്രിയെ ട്വിറ്ററിലൂടെ അറിയിച്ചു. ബന്ധപ്പെടാനുള്ള ഫോൺ നമ്പറും നൽകി. മലയാളികളുടെ സഹായത്തോടെ ഒരു നേരം മാത്രമായിരുന്നു ആറു മാസമായി രാജേഷിന്റെ ഭക്ഷണം. പൂട്ടിയ കമ്പനിയിൽ നിന്ന് രാജേഷിന് 10,000 ദിർഹം ശമ്പള കുടിശിക കിട്ടാനുണ്ടായിരുന്നു. വിവരമറിഞ്ഞയുടൻ പ്രശ്നത്തിൽ ഇടപെടാൻ മന്ത്രി കോൺസുലേറ്റിന് നിർദേശം നൽകി.
സൗദിയിൽ 23 വർഷം ജോലി ചെയ്ത തോമസ് ഉൾപ്പെടെ ആറു മലയാളികളുടെ പ്രശ്നം പത്തു മാസത്തെ ശമ്പള കുടിശ്ശികയും, പെർമിറ്റ് കാലാവധിക്കു ശേഷവും നാട്ടിലേക്കു മടങ്ങനാകാത്തതുമായിരുന്നു. റിയാദിലെ എംബസിക്ക് വിവരം കൈമാറി മന്ത്രി രക്ഷകനായി.
കഴിഞ്ഞ ദിവസം മോസ്കോ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ അഞ്ച് മലയാളികൾ ഉൾപ്പെടെ 25 മെഡിക്കൽ വിദ്യാർത്ഥികളെ വി. മുരളീധരൻ സഹായിച്ചതും ട്വിറ്ററിലൂടെ കിട്ടിയ വിവരമനുസരിച്ച്. എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാൻ വൈകിയ വിദ്യാർത്ഥികൾ വിമാനത്തിൽ കയറാനാവാതെ കുടുങ്ങുകയായിരുന്നു. സംഘത്തിലൊരാളാണ് മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ വിവരമറിയിച്ചത്. മോസ്കോയിലെ ഇന്ത്യൻ എംബസി വഴി ഇടപെട്ട് വിദ്യാർത്ഥികളെ അടുത്ത ദിവസം തന്നെ നാട്ടിലെത്തിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ ട്വിറ്ററിൽ എത്തുന്ന സഹായാഭ്യർത്ഥനകളും വി.മുരളീധരൻ ഇടപെട്ട് പരിഹരിക്കുന്നുണ്ട്. ഡൽഹിയിൽ മന്ത്രാലയം ഉദ്യോഗസ്ഥരാണ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ട്വിറ്റർ വഴി പ്രവാസികളുടെ പരാതികൾ സ്വീകരിച്ച് പരിഹരിക്കുന്ന രീതി മുൻ മന്ത്രി സുഷമാ സ്വരാജിന്റെ കാലത്താണ് തുടങ്ങിയത്.