ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തും രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും കോൺഗ്രസിൽ എ.ഐ.സി.സി, പോഷക സംഘടനാ ഭാരവാഹികളുടെ രാജി തുടരുന്നു. തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് അദ്ധ്യക്ഷ പദവി വിടാനൊരുങ്ങുന്ന രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെ കൂട്ടരാജി. രാഹുലിനെ പിന്തിരിപ്പിക്കാൻ ശ്രമം നടത്തുന്ന നേതാക്കൾ പകരക്കാരനെ തേടാനും മുതിരുന്നില്ല.
അഖിൽ ഭാരത് കിസാൻ കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പട്ടോളെ, രാജസ്ഥാന്റെ ചുമതല വഹിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി തരുൺ കുമാർ എന്നിവർ ഇന്നലെ രാജിവച്ചു. തോൽവിയുടെ ഉത്തരവാദിത്വം രാഹുൽ ഗാന്ധിക്കു മാത്രമല്ലെന്ന് തെളിയിക്കാനാണ് രാജിയെന്ന് തരുൺ കുമാർ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ ഏതാണ്ട് 150ഓളം നേതാക്കൾ എ.ഐ.സി.സി, പോഷക സംഘടനാ ഭാരവാഹിത്വം രാജിവച്ചിട്ടുണ്ട്. രാജിക്കത്തു നൽകിയ രാഹുൽ ഗാന്ധിക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണ് നേതാക്കളുടെ ലക്ഷ്യം. നേതാക്കളുടെ രാജിയോട് രാഹുൽ പ്രതികരിച്ചിട്ടില്ല.
എന്നാൽ രാഹുലിനെ പിന്തിരിപ്പിക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമങ്ങളും വിജയിച്ചിട്ടില്ല. നെഹ്റു കുടുംബത്തിന് പുറത്തു നിന്ന് ഒരാളെ അദ്ധ്യക്ഷനാക്കണമെന്ന് രാഹുൽ നിർദ്ദേശിച്ചെങ്കിലും അത്തരം ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല. എന്നാൽ സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകളിൽ രാഹുൽ സജീവമായി ഇടപെട്ടതിൽ അവർ ആശ്വാസം കൊള്ളുന്നു. ഛത്തീസ്ഗഡിൽ ആദിവാസി നേതാവു കൂടിയായ മോഹൻ മാർക്കത്തെ വെള്ളിയാഴ്ച രാഹുൽ ഗാന്ധി പി.സി.സി അദ്ധ്യക്ഷനായി നിയമിച്ചിരുന്നു. കൂടാതെ എ.ഐ.സി.സിയുടെ പത്രക്കുറിപ്പുകളിൽ 'കോൺഗ്രസ് അദ്ധ്യക്ഷന്റെ അനുമതിയോടെ' എന്ന പ്രയോഗവും തിരിച്ചു വന്നു. രാജിക്കത്തു നൽകിയ രാഹുൽ നിയമനങ്ങളിൽ ഒപ്പിടാൻ വിമുഖത കാട്ടിയതിനാൽ സംഘടനാ ജനറൽ സെക്രട്ടറി നേരിട്ട് പത്രക്കുറിപ്പ് ഇറക്കിയത് വാർത്തയായിരുന്നു.
ഉത്തർപ്രദേശിലും കർണാടകത്തിലും സംസ്ഥാന ഘടകങ്ങളും ഡി.സി.സിയും പിരിച്ചുവിട്ട മാതൃകയിൽ കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിക്കാത്ത സംസ്ഥാനങ്ങളിൽ ബൂത്തു തലം മുതൽ അഴിച്ചുപണി വേണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു. ഇതിനിടെ ഡൽഹിയിൽ പി.സി.സി അദ്ധ്യക്ഷ ഷീലാ ദീക്ഷിത് 280 ബ്ളോക്ക് കമ്മിറ്റികൾ പിരിച്ചുവിട്ടു. ഉടൻ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.