modi-man-kibath

ന്യൂഡൽഹി: ജലസംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇതു സംബന്ധിച്ച ആശയങ്ങൾ പങ്കുവയ്‌ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മൻകീ ബാത്തിൽ പറഞ്ഞു. രണ്ടാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകീ ബാത്ത് പ്രഭാഷണമായിരുന്നു ഇന്നലെ. വീണ്ടും വരുമെന്ന വാക്ക് താൻ പാലിച്ചെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒടുവിൽ നരേന്ദ്രമോദി മൻ കീ ബാത്ത് നടത്തിയത്.

രാജ്യം നേരിടുന്ന കടുത്ത വരൾച്ച സൂചിപ്പിച്ച പ്രധാനമന്ത്രി ജലസംരക്ഷണത്തിന് ജനങ്ങളിൽ ബോധവത്ക്കരണം ആവശ്യമായിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി. ജലസംരക്ഷണം രാജ്യത്തെയും രക്ഷിക്കും. സമൂഹം ഒന്നിച്ച് ശ്രമിച്ചാൽ വലിയ മാറ്റങ്ങൾ സാദ്ധ്യമാണ്. ജലസംരക്ഷണത്തിന് ഓരോ സ്ഥലത്തും വ്യത്യസ്‌ത മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ ലക്ഷ്യം ഒന്നുമാത്രം: ഓരോ തുള്ളിയും സംരക്ഷിക്കുക. എവരും ഒന്നിച്ചാൽ അസാദ്ധ്യമായതെന്തും നേടിയെടുക്കാം. എങ്ങനെ ജല സംരക്ഷണം നടപ്പാക്കാമെന്ന ആശയങ്ങൾ ജനങ്ങൾ പങ്കുവയ്ക്കുക. ജല സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, വ്യക്തികൾ, സംഘടനകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകുക. 'ജൻശക്തി, ജലശക്തി" എന്ന പേരിൽ ട്വിറ്ററിൽ പ്രചാരണം തുടങ്ങാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ചലച്ചിത്രതാരങ്ങൾ, കായിക താരങ്ങൾ, മാദ്ധ്യമ പ്രവർത്തകർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവരോടും ജലസംരക്ഷണ. പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

മൂന്നു, നാലുമാസത്തിനു ശേഷം വീണ്ടും കാണാമെന്ന് ഫെബ്രുവരിയിലെ മൻകീ ബാത്തിൽ താൻ പറഞ്ഞത് ജനങ്ങളിലുള്ള വിശ്വാസം കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നു താൻ രാഷ്ട്രീയം പറയുകയാണെന്ന് ചിലർ കരുതി. യഥാർത്ഥത്തിൽ താൻ തിരിച്ചു വന്നതല്ലെന്നും ജനങ്ങൾ തിരികെ എത്തിച്ചതാണെന്നും മോദി പറഞ്ഞു. ജനങ്ങൾ വിശ്വാസത്തിന്റെ തൂണുകളായി മാറി. തിരഞ്ഞെടുപ്പ് നാളുകളിൽ മൻ കീ ബാത്ത് നഷ്‌ടമായത് വിഷമിപ്പിച്ചിരുന്നു.

അടിയന്തരാവസ്ഥയാണ് ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ പഠിപ്പിച്ചതെന്ന് മോദി ചൂണ്ടിക്കാട്ടി. ജനാധിപത്യം നമ്മുടെ സംസ്കാരവും പാരമ്പര്യവുമാണ്. അതിനാലാണ് തിരഞ്ഞടുപ്പിനായി ജനങ്ങൾ ബുദ്ധിമുട്ട് സഹിക്കുന്നത്. വർഷങ്ങൾ നീണ്ട കഠിന ശ്രമത്തിനും സമർപ്പണത്തിനും ശേഷമാണ് ജനാധിപത്യം യാഥാർത്ഥ്യമായത് എന്നതും അദ്ദേഹം ഓർമ്മിച്ചു. വായനയെ പ്രോത്സാഹിക്കാനും വായിച്ച പുസ്‌തകങ്ങളെ മോദി ആപ്പിലൂടെ പരിചയപ്പെടുത്താനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് വൻ വിജയമാക്കിയതിന് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും അദ്ദേഹം നന്ദി പറഞ്ഞു.

 കേദാർയാത്ര സ്വകാര്യയാത്ര

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് തൊട്ടുമുമ്പ്, പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കേദാർനാഥ് യാത്രയെ വിമർശിച്ചവർക്ക് മൻകിബാത്തിൽ മറുപടി. കേദാർനാഥ് യാത്ര തന്റെ വ്യക്തിപരമായ തീരുമാനം ആയിരുന്നെന്നും ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും മോദി പറഞ്ഞു. 'കേദാർനാഥ് യാത്രയിൽ പലരും രാഷ്ടീയ അർത്ഥങ്ങളാണ് കാണുന്നത്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ആ യാത്ര സ്വയം കണ്ടെത്താനുള്ള അവസരമായിരുന്നു"- മോദി പറഞ്ഞു.