modi

അക്ഷര ലൈബ്രറിയെക്കുറിച്ച് ലോകം അറിയുന്നത് കേരളകൗമുദിയിലൂട

ന്യൂഡൽഹി:കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ, ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിലെ ആദിവാസി കോളനിയിൽ പ്രവർത്തിക്കുന്ന അക്ഷര ലൈബ്രറി വായനാലോകത്ത് ഒരു മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കീ ബാത്തിൽ വായനയെക്കുറിച്ച് പരാമർശിക്കവെയാണ് അക്ഷര ലൈബ്രറിയെ മോദി പുകഴ്‌ത്തിയത്.

കേരളത്തിലെ അക്ഷര ലൈബ്രറിയെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മോദി പറഞ്ഞു. ഇടുക്കി ജില്ലയിൽ കൊടുങ്കാട്ടിൽ പ്രവർത്തിക്കുന്ന ലൈബ്രറിയെക്കുറിച്ച് കേട്ടപ്പോൾ അദ്ഭുതം തോന്നി. ലൈബ്രറിക്കു പിന്നിൽ പ്രവർത്തിച്ചത് പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായ പി.കെ. മുരളീധരനും ചായക്കട നടത്തുന്ന പി.വി. ചിന്നത്തമ്പിയുമാണ്. ഇവർ പുസ്‌തകങ്ങൾ ചാക്കിൽ നിറച്ച് കാട്ടിലൂടെ ചുമന്നാണ് ലൈബ്രറിയിൽ എത്തിച്ചത്. ഇന്ന് ആദിവാസി കുട്ടികൾക്ക് ലൈബ്രറി വഴികാട്ടിയാണെന്നും മോദി പറഞ്ഞു.

തന്നെ സ്വീകരിക്കാൻ എത്തുന്നവരോട് ബൊക്കെയ്ക്കു പകരം പുസ്‌തകങ്ങൾ തരാൻ പറയാറുണ്ടെന്നും അങ്ങനെ ലഭിച്ചവയിൽ ചിലത് യാത്രകളിൽ വായിച്ചെന്നും മോദി പ്രഭാഷണണത്തിൽ പറഞ്ഞു. ഗൂഗിൾ ഗുരു ഭരിക്കുന്ന ഇന്നത്തെ ഡിജിറ്റൽ ലോകത്ത് നിത്യവും വായിക്കാൻ സമയം കണ്ടെത്തണമെന്നും വായനാനുഭവങ്ങൾ മോദി ആപ്പിലൂടെ പങ്കു വയ്‌ക്കണമെന്നും മോദി നിർദ്ദേശിച്ചു. വായന പ്രോത്സാഹിപ്പിക്കാൻ ഗുജറാത്തിൽ നടപ്പാക്കിയ വാഞ്ചേ ഗുജറാത്ത് വൻ വിജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളകൗമുദിലൂടെയാണ് മുതുവൻ ആദിവാസി കോളനിയിലെ അക്ഷര ലൈബ്രറിയെക്കുറിച്ച് ലോകമറിയുന്നത്. പിന്നീട് നിരവധി അക്ഷര സ്നേഹികൾ ലൈബ്രറിക്ക് പുസ്‌തകങ്ങളും അലമാര അടക്കമുള്ള സൗകര്യങ്ങളും സംഭാവന ചെയ്‌തിരുന്നു.