agriculture
ശോചനീയവസ്ഥയിലായ കെന്നഡി മുക്ക് പാലം

കൊച്ചി : പാടിവട്ടം-കെന്നഡിമുക്ക് റോഡ് വാഹനയാത്രക്കാരെ വീഴ്ത്താൻ തുടങ്ങിയിട്ട് കാലം കുറേയായി.കുണ്ടും കുഴിയും മാത്രമല്ല രൂക്ഷമായ പൊടിശല്യവും മാലിന്യ കൂമ്പാരവും കൂടിയായപ്പോൾ റോഡിന്റെ അവസ്ഥ ശോചനീയമായി. ഭക്ഷണാവശിഷ്ടങ്ങളും കോഴി, പോത്ത് എന്നിവയുടെ ഉപയോഗശൂന്യമായ അവശിഷ്ടങ്ങളും രാത്രിക്കാലങ്ങളിൽ നടുറോഡിൽ തള്ളുന്നത് പതിവാണ്.കാമറ വച്ചിട്ടില്ലെങ്കിലും ഇവിടെ മാലിന്യം ഇടരുത് , നിങ്ങൾ കാമറ നിരീക്ഷണത്തിലാണ് എന്ന ബോർഡിവിടെ കാണാം. മൂക്ക് പൊത്താതെ ഇതു വഴി ഒരു സമയത്തും കടന്നുപോകാൻ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാർ. സഞ്ചാരയോഗ്യമല്ലാത റോഡ് അധികൃതരാരും തന്നെ തിരിഞ്ഞ് നോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പാതി അവിടെയും , പാതി ഇവിടെയും

മരിയ പാർക്ക് മുതൽ ഇടപ്പള്ളിത്തോട് വരെയുള്ള ഭാഗം കൊച്ചി കോർപ്പറേഷനിലും അവിടം മുതൽ കെന്നഡി മുക്ക് വരെയുള്ള ഭാഗം തൃക്കാക്കര മുനിസിപ്പാലിറ്രിയിലുമാണ്. അതുകൊണ്ട് തന്നെ റോഡിന്റെ കാര്യത്തിൽ ഇരുക്കൂട്ടരും നടപടിയെടുക്കുന്നില്ലയെന്നാണ് ആക്ഷേപം. നടപടിയെടുക്കാൻ ജനപ്രതിനിധികളെ സമീപിച്ചിട്ടും പാടെ അവഗണിക്കുന്ന രീതിയാണ് കെെകൊള്ളുന്നതെന്ന് നാട്ടുക്കാർ പറ‌ഞ്ഞു. ഇടപ്പള്ളിത്തോടിന് കുറുകെയായി കൊച്ചി കോർപ്പറേഷനെയും തൃക്കാക്കര മുനിസിപ്പാലിറ്രിയെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ സ്ഥിതിയും ശോചനീയമാണ്.

മഴക്കാലത്ത് റോഡിന്റെ പണി നടക്കില്ല.നേരത്തെ തന്നെ പാടിവട്ടം മരിയ പാർക്ക് മുതൽ കെന്നഡിമുക്ക് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ ഇരു നഗര സഭകളുടേയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട് . സത്വര നടപടി സ്വീകരിക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട് .മഴക്കാലം കഴിയും വരെയെങ്കിലും കാത്തിരിക്കേണ്ടി വരും .

പി.ടി തോമസ് എം.എൽ.എ