കൊച്ചി : ചെറിയ ദുരന്തങ്ങൾ പോലും താങ്ങാൻ കഴിയാത്തവയാണ് നഗരങ്ങളിലെ ബഹുഭൂരിപക്ഷം പാർപ്പിട സമുച്ചയങ്ങളുമെന്ന് പഠനറിപ്പോർട്ട്. ഏറ്റവും കുറഞ്ഞ ചെലവിൽ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ വൻകിട കെട്ടിടങ്ങൾക്കു പോലുമില്ല. താമസക്കാരുടെ സുരക്ഷയ്ക്കായി യാതൊരു സംവിധാനവും ഇല്ലാത്ത പാർപ്പിട സമുച്ചയങ്ങളുമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ (എ.ഐ.പി.സി) ദുരന്ത നിവാരണ സമിതിയാണ് പഠന റിപ്പോർട്ട് തയാറാക്കിയത്. ഫ്ളാറ്റുകൾ, ഹൗസിംഗ് കോളനികൾ തുടങ്ങിയവ സന്ദർശിച്ച് താമസക്കാരുമായി ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
# സുരക്ഷാ മുന്നൊരുക്കം അറിയില്ല
താമസക്കാർക്ക് ഭയമുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് അവബോധമില്ലെന്ന് എം.പി. ജോസഫ് പറഞ്ഞു. ദുരന്തങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങളെ കുറിച്ചും അവബോധമില്ല.
പഠനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് നൽകിയ ചോദ്യാവലി തന്നെ ബോധവത്ക്കരണ പ്രവർത്തനമായി മാറി.
ദുരന്തങ്ങളെ കുറിച്ചുള്ള മിഥ്യാബോധമാണ് സാഹചര്യം വഷളാക്കിയത്. തങ്ങൾ താമസിക്കുന്ന സ്ഥലത്ത് ദുരന്തങ്ങൾ ഉണ്ടാവില്ലെന്ന ഉറച്ച വിശ്വാസമാണ് പലർക്കും. ദുരന്ത നിവാരണത്തിന് വരുത്തേണ്ട ചെറിയ മാറ്റങ്ങൾ വരെ ചെലവേറിയതാണെന്നും ചിന്തിക്കുന്നു. ഇതൊന്നും തന്റെ പണിയല്ലെന്ന ചിന്തയാണ് ഭൂരിപക്ഷത്തിനും.
# സമിതി ശുപാർശകൾ
തയ്യാറെടുപ്പ്, പ്രതികരണം എന്നിവ അടിയന്തിരമായി ചെയ്യണം.
സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് കൃത്യമായ ഉപകരണങ്ങൾ, പരിശീലനം നൽകൽ എന്നിവയിലൂടെ തയ്യാറെടുക്കണം.
ദുരന്ത നിവാരണ സംഘവുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനം ആവശ്യമാണ്.
ദുരന്തങ്ങളെ നേരിടാൻ നഗരങ്ങളിലെ പാർപ്പിട സമുച്ചയങ്ങളിലെ താമസക്കാർ, ഉടമകൾ, അസോസിയേഷനുകൾ എന്നിവരെ തയ്യാറാക്കണം.
മുന്നൊരുക്കം, ചട്ടങ്ങൾ പാലിക്കൽ, തയ്യാറെടുപ്പ് എന്നിവയ്ക്കായി സമഗ്ര മാർഗനിർദ്ദേശങ്ങൾ അധികൃതർ നൽകണം.
# സമീപകാല സംഭവങ്ങൾ മുന്നറിയിപ്പ്
സമീപകാലത്ത് വിവിധ നഗരങ്ങളിലുണ്ടായ തീപിടിത്തങ്ങളും മറ്റ് ദുരന്തങ്ങളും പ്രളയദുരന്തവും എറണാകുളം സൗത്തിലെ ചെരുപ്പുഗോഡൗണായ ബഹുനില മന്ദിരത്തിൽ ഉണ്ടായ തീപ്പിടിത്തവും ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപ്പിടിത്തവും മുന്നൊരുക്കങ്ങൾ വേണമെന്ന സന്ദേശമാണ് നൽകുന്നത്.
എ.പി. ജോസഫ്
ചെയർമാൻ,
ദുരന്ത നിവാരണ സമിതി,
എ.ഐ.പി.സി