കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉറപ്പായിരിക്കെ കൊച്ചി കോർപ്പറേഷനിലും കസേരമാറ്റമുണ്ടാകും. നിലവിൽ ഡി.സി.സി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ ടി.ജെ. വിനോദിനെയാണ് ഹൈബി ഈഡന് പകരം എറണാകുളത്ത് കോൺഗ്രസിന്റെ സാദ്ധ്യതാപട്ടികയിൽ ഒന്നാമനായി പരിഗണിക്കുന്നത്. ഇതിന് മുന്നോടിയായി വിനോദ് ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിയുമ്പോൾ പശ്ചിമകൊച്ചിക്കാരനും സീനിയർ കൗൺസിലറും ഐ വിഭാഗക്കാരനുമായ കെ.ആർ. പ്രേമകുമാറിനാണ് നറുക്കുവീഴാൻ സാദ്ധ്യത.

# ഒടുവിൽ ഭാഗ്യജാതകം തെളിഞ്ഞു

മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിൽ രണ്ടര വർഷത്തിനു ശേഷം മാറ്റമുണ്ടാകുമെന്ന ധാരണയിലാണ് നിലവിലുള്ള ഭരണസമിതി അധികാരമേറ്റത്. ഈ വ്യവസ്ഥ അനുസരിച്ച് പ്രേമകുമാറിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാമെന്ന് ഐ വിഭാഗം നേതാക്കളായ എൻ. വേണുഗോപാലും ഹൈബി ഈഡനും ഉറപ്പും നൽകിയിരുന്നു. പദവി കൈമാറാമെന്ന് ടി.ജെ. വിനോദും സമ്മതിച്ചു. ഒന്നര വർഷത്തിനുള്ളിൽ വിനോദ് ഡി.സി.സി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഡെപ്യൂട്ടി മേയർ പദവിക്ക് വേണ്ടി പലരും ചരടുവലികൾ ആരംഭിച്ചു. കെ.പി.സി.സി ഭാരവാഹിയും മുതിർന്ന നേതാവുമായിരുന്ന എം. പ്രേമചന്ദ്രനുവേണ്ടി മുൻ എം.പിമാരായ കെ.വി.തോമസും പി.സി. ചാക്കോയും സമ്മർദ്ദവുമായി രംഗത്തെത്തി. ഇതോടെ പ്രേംകുമാറിന്റെ സാദ്ധ്യതയ്ക്ക് മങ്ങലേറ്റു . ടാക്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കെ.വി.പി.കൃഷ്ണകുമാർ, പി.ഡി.മാർട്ടിൻ തുടങ്ങിയവരും സ്ഥാനമോഹികളുടെ പട്ടികയിലുണ്ടായിരുന്നു.

ഈ സാഹചര്യത്തിൽ വിനോദ് സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്ന് കൗൺസിലർമാരിൽ ഒരുവിഭാഗം വാദിച്ചു. പരിഗണനയിൽ മുന്നിലുണ്ടായിരുന്ന പ്രേമചന്ദ്രന്റെ അപ്രതീക്ഷിത മരണം മൂലം വൈറ്റില ജനത ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നു. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ഡിവിഷൻ എൽ.ഡി.എഫ് പിടിച്ചെടുത്തു.

പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ മേയർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം അവസാനിപ്പിച്ച് സൗമിനി ജെയിൻ തുടരാൻ തീരുമാനമായി. ഡെപ്യൂട്ടി മേയർ മാറ്റം ചർച്ച പോലുമായില്ല. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പും ഹൈബിയുടെ വിജയവും കഴിഞ്ഞതോടെ പ്രേംകുമാറിന്റെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള വരവിന് കളമൊരുങ്ങി .

# പ്രേമകുമാറിന്റെ അനുകൂല ഘടകങ്ങൾ

2005 മുതൽ കൗൺസിലർ

ധനകാര്യ സമിതി അംഗമാണ്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കണമെങ്കിൽ ധനകാര്യ സമിതി അംഗമായിരിക്കണം.മറ്റു സമിതിയിൽ നിന്നാണെങ്കിൽ അവരെ ധനകാര്യ സമിതിയിലേക്ക് കൊണ്ടുവരണം.

ഗ്രൂപ്പ് സമവാക്യങ്ങളനുസരിച്ച് ഡെപ്യൂട്ടി മേയർ സ്ഥാനം ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്

ജാതി പരിഗണനയും തലവേദന സൃഷ്ടിക്കാൻ സാദ്ധ്യത കുറവാണ്. പശ്ചിമകൊച്ചിക്ക് അധികാരത്തിൽ പ്രാതിനിദ്ധ്യമാകും.

# ഉപതിരഞ്ഞെടുപ്പിന്

മുമ്പ് മാറ്റം വരും

ഉപതിരഞ്ഞെടുപ്പിന് മുമ്പ് ടി.ജെ. വിനോദ് ഡെപ്യൂട്ടി മേയർ സ്ഥാനം ഒഴിയുമെന്നാണ് കരുതുന്നത്. എം.എൽ.എയായാൽ കൗൺസിലർ സ്ഥാനം കൂടി രാജിവയ്ക്കണം. തിരഞ്ഞെടുപ്പ്ഫലം വരുന്നതുവരെ ഡെപ്യൂട്ടിമേയർ സ്ഥാനം ഒഴിച്ചിടേണ്ടിവരും. 2020 ഒക്ടോബർ വരെയാണ് ഈ ഭരണസമിതിയുടെ കാലാവധി.