australia-vs-afghanistan

ബ്രിസ്റ്റോൾ: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസീസും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ആദ്യ ലോകകപ്പിൽ നേട്ടമുണ്ടാക്കാനാവതെ മടങ്ങിയ കാബൂൾ സംഘം ജയത്തോടെ തുടങ്ങാൻ കച്ചകെട്ടിയറങ്ങുമ്പോൾ വിജയക്കൊടി പാറിക്കാൻ ഉറച്ചാണ് ഫിഞ്ചും കൂട്ടരും പാഡ് അണിയുന്നത്. ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് മത്സരം. ലോകകപ്പിൽ ഒരു തവണ മാത്രമാണ് ഓസീസും അഫ്ഗാനും നേർക്കുന്നേർ പേരാടിയിട്ടുള്ളത്. അന്ന് ജയം കങ്കാരുപ്പടയ്‌ക്ക് ഒപ്പമായിരുന്നു.

ചാമ്പ്യൻസ് തയ്യാർ
ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളെ സന്നാഹ മത്സരത്തിൽ തകർത്ത ആത്മവിശ്വാസത്തോടെയാണ് ഓസീസ് ഇറങ്ങുന്നത്. വെടിക്കെട് ബാറ്റസ്മാൻ ഡേവിഡ് വാർണറും നായകനും തന്നെയാകും ഓണിപ്പണിംഗ്. 2014 മുതൽ ഒരുമിച്ച് ക്രീസിലെത്തുന്ന ഇരുവരും 44 ശരാശരിയോടെ 2,126 റൺസ് നേടിയിട്ടുണ്ട്. മാർഷ്, സ്‌മിത്ത്, മാക്‌സ്‌വെൽ, ഖവാജ എന്നിവർ മിന്നും ഫോമിലാണ്. പേസർമാരെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിൽ മിച്ചൽ സ്റ്റാർക്കും പാറ്റ് കുമ്മിൻസും നഥാൻ കോൾട്ടർനീലും ടീമിന് കൂടുതൽ കരുത്ത് പകരുന്നു. നഥാൻ ലിയോണിന്റെയും ആദം സാംപയുടെയും പ്രകടനം നിർണായകമാകും

ആത്മവിശ്വാസത്തോടെ അഫ്ഗാൻ


എതിരാളി മുൻ ചാമ്പ്യന്മാരാണോ അല്ലയോ എന്നൊന്നും അഫ്ഗാനിസ്ഥാനില്ല. ഇറങ്ങുന്നത് ജയിക്കാനും മടങ്ങുന്നത് കപ്പുമായും എന്ന ലൈനാണ് ഇപ്പോൾ ടീമിന്. ലോകോത്തര ബൗളറായ റാഷിദ് ഖാൻ തന്നെയാണ് തുറുപ്പ് ചീട്ട്. ഒപ്പം കുത്തിത്തിരിപ്പൻ പന്തുമായെത്തുന്ന മുഹമ്മദ് നബിയും മുജീബ് ഉർ റഹ്മാനും. ടീമിന്റെ ബാറ്റിംഗ് നിരയും ഭേദപ്പെട്ട പ്രകടമാണ് കാഴ്‌ച വയ്ക്കുന്നത്. ഹമദ് ഷായും മുഹമ്മദ് ഷഹ്‌സാദും ഫോമിലാണ്

ലോകകപ്പിൽ
അഞ്ച് ലോകകപ്പ് കിരീടം ചൂടിയ ടീമാണ് ആസ്‌ട്രേലിയ. 1987ലായിരുന്നു കന്നി കരീട ധാരണം. 1999, 2003, 2007 ജയത്തോടെ ഹാട്രിക്ക് നേട്ടം. നിലവിലെ ചാമ്പ്യന്മാരാണ് ഓസീസ്. 2015ലാണ് അഫ്ഗാനിസ്ഥാൻ ആദ്യമായി ലോകകപ്പ് വേദിയിലെത്തുന്നത്. എന്നാൽ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ ടീമിനായില്ല. ടെസ്റ്റ് പദവികൂടി ലഭിച്ച അഫ്ഗാന്റെ രണ്ടാം വരവാണിത്.