കൊച്ചി: സുരേഷ് കല്ലട ബസിൽ ജീവനക്കാർക്ക് മർദ്ദനമേറ്റതിന്റെ പശ്‌ചാത്തലത്തിൽ അന്തർസംസ്ഥാന ബസ് സർവ്വീസുകൾക്ക് കർശന നിർദ്ദേശവുമായി കൊച്ചി സിറ്റി പൊലീസ് രംഗത്തെത്തി. നഗരത്തിലെ ടൂറിസ്‌റ്റ് ബസ് ഓപ്പറേറ്റേഴ്സ്, അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസ് ഓപ്പറേറ്റേഴ്സ് എന്നിവരുടെ സംയുക്ത യോഗത്തിലാണ് സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ കർശന നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. യോഗത്തിൽ 50 ലധികം ഓപ്പറേറ്റർമാർ പങ്കെടുത്തു.
നിർദ്ദേശങ്ങൾ
ഡ്രൈവർ, കണ്ടക്‌ടർ, ജീവനക്കാർ എന്നിവർ തങ്ങളുടെ പൊലീസ് സ്‌റ്റേഷനിൽ നിന്ന് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണം. ബസ് ഉടമകൾ ഇക്കാര്യം ഉറപ്പു വരുത്തണം
മുഴുവൻ ജീവനക്കാരുടെയും മേൽവിലാസവും ഫോൺ നമ്പരും സ്ഥാപനത്തിൽ സൂക്ഷിക്കണം
ജീവനക്കാരുടെ ഡ്യൂട്ടി എന്താണെന്നും അവരുടെ മേൽവിലാസവും ഫോൺ നമ്പരും വാഹനത്തിൽ പ്രദർശിപ്പിക്കണം
സർവ്വീസുകളുടെ വിവരങ്ങൾ, സമയക്രമം, യാത്രക്കാരെ എവിടെ നിന്നൊക്കെ കയറ്റുന്നു തുടങ്ങി വിവരങ്ങൾ പൊലീസിനെ അറിയിക്കണം
ജീവനക്കാർക്കെതിരെ പരാതി ലഭിച്ചാൽ സ്ഥാപന ഉടമ ഉത്തരവാദിയാകും.
നിയമപരമായി അല്ലാതെ ചരക്കുകൾ വാഹനത്തിൽ കയറ്റാൻ പാടില്ല