കൊച്ചി: സ്‌കൂൾ തുറപ്പ് കണക്കിലെടുത്ത് നഗരത്തിലെ മുഴുവൻ വിദ്യാലയങ്ങളുടെയും മുൻവശത്ത് പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. കുട്ടികളെ വാഹനത്തിൽ കയറ്റുന്നതിനും റോഡ് മുറിച്ചു കടക്കുന്നതിനും സഹായിക്കും. സ്‌കൂൾ പരിസരത്ത് മറ്റ് വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്നതും കുറ്റകൃത്യം തടയുന്നതും ഇവരുടെ ചുമതലയായിരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു. ലഹരി മാഫിയ, സെക്‌സ് റാക്കറ്റ് എന്നിവയെ നിരീക്ഷിക്കാൻ പൊലീസിന്റെ പ്രത്യേക സംഘങ്ങളുണ്ടാകും.
നിർദ്ദേശങ്ങൾ
വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാൻ രക്ഷിതാക്കൾ അനുവദിക്കരുത്. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണം
വാഹനങ്ങളിലെ ജീവനക്കാർ കുട്ടികളോട് മോശമായി പെരുമാറിയാൽ പൊലീസിനെ അറിയിക്കണം
വാഹനങ്ങളിലെ ജീവനക്കാർ ക്രമിനൽ, പോക്‌സോ കേസുകളിൽ ഉൾപെട്ടിട്ടില്ലെന്ന് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ഉറപ്പുവരുത്തണം. ഇവർക്ക് പൊലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം
വാഹനങ്ങളുടെ ഫിറ്റ്നസ്, മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ നടപ്പാക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും
അമിത വേഗതിയിൽ പായുന്ന സ്‌കൂൾ ബസുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണം
ബസുകൾ സ്‌റ്റോപ്പുകളിൽ നിറുത്തി വിദ്യാർത്ഥികളെ കയറ്റണം. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും
വിദ്യാർത്ഥികൾ റോഡ് ക്രോസ് ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്തുകൂടി മാത്രം നടക്കുക
സ്‌കൂൾ ബസുകളിലെ ഡ്രൈവർമാരുടെ മേൽവിലാസവും ഫോൺ നമ്പരുമുള്ള രജിസ്‌റ്റർ സ്‌കൂൾ അധികൃതർ സൂക്ഷിക്കണം
സ്‌കൂൾ ബസ് ഡ്രൈവർമാർ യൂണിഫോമും സ്‌കൂൾ ബാഡ്‌ജും ധരിക്കണം
സ്‌കൂൾ അധികൃതർ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കെട്ടിടങ്ങളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങൾ ഒഴിവാക്കണം
കണക്‌ട് ടു കമ്മിഷണർ
എന്തു വിവരങ്ങളും സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രനെ നേരിട്ട് വിളിച്ചറിയിക്കാം. കണക്‌ട് ടു കമ്മിഷണർ നമ്പർ 9497915555