gold

കൊച്ചി: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് എട്ടു തവണയായി 50 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നും ഓരോ തവണയും പ്രതിഫലമായി 2000 ദിർഹവും (37,885 രൂപ) യാത്രാ ടിക്കറ്റുമാണ് ലഭിച്ചിരുന്നതെന്നും തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സെറീന ഷാജി ഡി.ആർ.ഐയോട് വെളിപ്പെടുത്തി.

ദുബായിൽ ബ്യൂട്ടി സലൂൺ നടത്തുന്ന സെറീന അവിടത്തെ കൺസ്ട്രക്‌ഷൻ കമ്പനിയുടെ വർക്കിംഗ് പാർട്ണർ കൂടിയാണ്. മേയ് 12ന് രാത്രി ദുബായ് എയർപോർട്ടിൽ സ്വർണം കൈമാറിയത് ജിത്തുവാണ്. സലൂണിലേക്ക് കോസ്‌മെറ്റിക്സ് നൽകുന്ന നദീം എന്ന പാകിസ്ഥാൻകാരനാണ് ജിത്തുവിനെ പരിചയപ്പെടുത്തിയത്. രണ്ടാഴ്ച കഴിഞ്ഞ് ദുബായിലെ സലാവുദ്ദീൻ മെട്രോ സ്റ്റേഷനു സമീപം കണ്ടു. സ്വർണം കടത്തുന്നവർക്ക് എസ്കോർട്ടായി പോകണമെന്നും സഹായിക്കണമെന്നും ജിത്തു പറഞ്ഞു. പ്രതിഫലമായി പോയി വരാനുള്ള വിമാനടിക്കറ്റും 2000 ദിർഹവും വാഗ്ദാനം ചെയ്തു.

വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം വന്നാൽ ഫോണിലൂടെ ജിത്തു നിർദേശങ്ങൾ നൽകും. അതനുസരിച്ച് ബാഗുമായി പോകണം. ജിത്തുവിന് 30 വയസ് തോന്നിക്കും. എയർപോർട്ടിലെത്തുമ്പോഴെല്ലാം ഇയാൾ തന്റെ ഫോട്ടോ എടുത്തിരുന്നു. മേയ് 12ന് എയർപോർട്ടിൽ വച്ച് 24 കിലോ സ്വർണം ജിത്തു നൽകി. ഇത്തവണ കൂടുതലുണ്ടെന്നും ഈ ബിസിനസ് അവസാനിപ്പിക്കുകയാണെന്നും പറഞ്ഞു. യു.എ.ഇയിലെ റോയൽ ജുവലറിയിൽ നിന്ന് സ്വർണം വാങ്ങിയതിന്റെ രേഖകളും നൽകി. ഇതു ദുബായ് എയർപോർട്ടിൽ കാണിച്ച് അനുമതി തേടി. പിന്നീട് ബാഗ് ജിത്തുവിനൊപ്പം വന്ന സുനിലിനു കൈമാറി.

അഡ്വ. ബിജുവാണ് സ്വർണക്കടത്തിലേക്ക് തന്നെ കൊണ്ടുവന്നത്. 2018 നവംബറിലായിരുന്നു ഇത്. പിന്നീട് വിഷ്ണു സോമസുന്ദരമാണ് ബിജുവിനു വേണ്ടി വിളിച്ചത്. ഡിസംബർ 18ന് തിരുവനന്തപുരത്ത് എത്താൻ ഫ്ളൈറ്റ് ടിക്കറ്റ് അയച്ചുതന്നു. വിഷ്ണുവിനെയും ജിത്തുവിനെയും പിന്നീട് ദുബായ് എയർപോർട്ടിൽ ഒരുമിച്ചു കണ്ടപ്പോഴാണ് ഇവരെല്ലാം ഒരു സംഘമാണെന്നറിഞ്ഞത്. സ്വർണം കടത്തുന്നവർക്കുള്ള പ്രതിഫലം, ടിക്കറ്റ് തുടങ്ങിയ കാര്യങ്ങൾ വിഷ്ണുവാണ് നോക്കിയിരുന്നത്.

തിരുവനന്തപുരം എയർപോർട്ടിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് സ്വർണം കടത്തുന്നതെന്ന് വിഷ്ണു പറഞ്ഞിട്ടുണ്ട്. കസ്റ്റംസിന്റെ ആദ്യത്തെ എക്സ്റേ ബെൽറ്റിനടുത്ത് ഈ ഉദ്യോഗസ്ഥനുണ്ടാകും. പലതവണ ഉദ്യോഗസ്ഥനെ കണ്ടിട്ടുണ്ട്. ഇത്തവണയുമുണ്ടായിരുന്നു. ഡി.ആർ.ഐ നൽകിയ ചിത്രത്തിൽ നിന്ന് അയാളെ തിരിച്ചറിഞ്ഞെന്നും മൊഴിയിൽ പറയുന്നു.