കൊച്ചി: ഹൈക്കോടതി നിയോഗിച്ച ശബരിമല ഉന്നതാധികാര സമിതിയെ മരവിപ്പിച്ച് നിർത്തി പുതുതായി ശബരിമല വികസന അതോറിറ്റി രൂപീകരിക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പറഞ്ഞു.

ശബരിമലയിലെ കുത്തഴിഞ്ഞ ഭരണസംവിധാനത്തെ സംബന്ധിച്ച് വ്യാപകമായ പരാതികളുയർന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ജസ്റ്റീസ് പി.ആർ രാമന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയെ നിയോഗിച്ചത്. ഇടതുസർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിഘാതമായതിനാലാണ് സമിതിയെ മറികടന്ന് പുതിയ വികസന സമിതി രൂപീകരിക്കാൻ ശ്രമിക്കുന്നത്. ദേവസ്വം ഭരണം സമ്പൂർണമായും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് നീക്കമെന്ന് ബാബു പറഞ്ഞു.

ആർ.എസ്.എസിന്റെ പേര് പറഞ്ഞ് ക്ഷേത്രങ്ങളെ കൈപ്പിടിയിലാക്കാനാണ് സി.പി.എം നീക്കം. സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടുകൾക്കെതിരെ ഹിന്ദു ഐക്യവേദി സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ബാബു അറിയിച്ചു.