നെടുമ്പാശ്ശേരി: നാല് സെന്റ് കോളനിയിൽ ഓഡിറ്റോറിയം നിർമ്മിച്ച് മുൻ വാർഡ്‌മെമ്പറായ എം.വി.സുന്ദരൻ. ചെങ്ങമനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് സുന്ദരൻ 1500 ഓളം പേർക്കെങ്കിലും പങ്കെടുക്കാവുന്ന അത്യാധുനിക സൗകര്യങ്ങമായ ഡ്രീം ലാന്റ് ഓഡിറ്റോറിയം നിർമ്മിച്ചിട്ടുള്ളത്. തന്റെ പെൺമക്കളായ സുനിത പ്രവീൺ, സ്മിത ജഗദീഷ് എന്നിവർക്ക് നൽകിയ അര ഏക്കർ സ്ഥലത്താണ് ഓഡിറ്റോറിയം നിർമ്മിച്ചത്.ഭാര്യ സ്റ്റാർലിയുടെയും, പരേതയായ മാതാവ് ലക്ഷ്മിയുടെയും, ഉറ്റ സുഹൃത്തും അയൽവാസിയുമായ അടുത്തിടെ നിര്യാതനായ സി.പി.എം നേതാവ് പി.എം.അബ്ദുല്ലയുടെയും ആഗ്രഹമായിരുന്നു പുതുവാശ്ശേരിയിലൊരു ഓഡിറ്റോറിയമെന്ന് സുന്ദരൻ പറഞ്ഞു. സമൂഹ വിവാഹം, നിരാലംബർ, അനാഥകൾ, നിർധനർ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവക്കെല്ലാം തികച്ചും സൗജന്യമായി ഓഡിറ്റോറിയം തുറന്ന് കൊടുക്കുമെന്ന് സുന്ദരൻ പറഞ്ഞു. ലക്ഷംവീട് കോളനി മധ്യത്തിൽ തുടക്കം കുറിച്ച ഓഡിറ്റോറിയം നിർമ്മാണത്തിന് നാട്ടുകാരുടെ പൂർണ പിന്തുണ ലഭിച്ചിരുന്നു. ചെണ്ടമേളത്തിൻെറ അകമ്പടിയിൽ ഉത്സവ ലഹരിയിൽ സമീപവാസികൂടിയായ അൻവർസാദത്ത് എം.എൽ.എയാണ് ഓഡിറ്റോറിയം ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി അധ്യക്ഷത വഹിച്ചു.