മൂവാറ്റുപുഴ: പദ്ധതി നിർവ്വഹണത്തിൽ ജില്ലയിൽ മൂവാറ്റുപുഴ നഗരസഭ ഒന്നാം സ്ഥാനത്താണെന്ന് ചെയർപേഴ്‌സൺ ഉഷശശിധരനും, ക്ഷേമകാര്യ ഉപസമതി ചെയർമാൻ എം.എ. സഹീറും അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 93ശതമാനം തുക ചെലവഴിച്ചുകൊണ്ടാണ് നഗരസഭ ഒന്നാംസ്ഥാനത്തെത്തിയത്. സാധാരണക്കാർക്ക് വീട് നൽകുന്ന ലൈഫ് പി എം എ വൈ പദ്ധതിയിൽ ഒരുകോടി ഏഴ് ലക്ഷം രൂപ ചെലവഴിച്ചു 116 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി വരുന്നു. വെള്ളപ്പൊക്കം മൂലം നഗരത്തിലെ ചെറുതും വലുതുമായി തകർന്ന റോഡുകൾ 3.14 ലക്ഷം രൂപ മുടക്കി അറ്റകുറ്റപണി നടത്തി സഞ്ചാരയോഗ്യമാക്കി. ആരോഗ്യമേഖലയിൽ 42 ലക്ഷം രൂപയും കാർഷിക ഉത്പ്പാദനമേഖലയിൽ നെൽകൃഷി പ്രോത്സാഹനത്തിനായി 21 ലക്ഷം രൂപയും, സ്റ്റേഡിയം കോംപ്ലക്‌സിന്റെ നിർമ്മാണത്തിന് 40 ലക്ഷം രൂപയും ചെലവഴിച്ചു. ആയിരത്തിലധികം വൃദ്ധജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന വയോജന മേഖലയ്ക്ക് 16 ലക്ഷം രൂപ ചെലവഴിച്ചു. വഴിവിളക്കുകൾക്കായി 15 ലക്ഷം ചെലവഴിച്ചു. കെ.എസ്.ആർ.ടി.സി. ജംഗ്ഷനിൽ പുതിയ ഷീലോഡ്ജ് നിർമ്മാണ പുരോഗതിക്ക് 20 ലക്ഷം രൂപ എല്ലാ മേഖലയും വികസനപ്രവർത്തനം നടത്തുന്ന ഘട്ടത്തിൽ ജീവനക്കാരുടെ മെല്ലെപ്പോക്ക് മൂലം നഗരസഭയുടെ പ്രവർത്തനം മോശമെന്ന പ്രചരണം രാഷ്ട്രീയ കാഴ്ചപ്പാടിൽ ഉണ്ടാകുന്നതാണെന്ന് അവർ പറഞ്ഞു.

116 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി

ആരോഗ്യമേഖലയിൽ 42 ലക്ഷം രൂപ