കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഏഴാം പ്രതി അഡ്വ. ബിജു മോഹനനെ മൂന്നു ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡി.ആർ.ഐ നൽകിയ അപേക്ഷയിൽ എറണാകുളം അഡി. സി.ജെ.എം കോടതി തിങ്കളാഴ്ച വിധി പറയും. കഴിഞ്ഞ ദിവസം കീഴടങ്ങിയ ബിജുവിനെതിരെ കേസിലെ മറ്റു പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നും ഇതിന്റെ സത്യാവസ്ഥ ചോദിച്ചു മനസിലാക്കാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡി. ആർ.ഐ.യുടെ അഭിഭാഷകൻ ബോധിപ്പിച്ചു. സ്വർണക്കടത്തു കേസിലെ മുഖ്യ കണ്ണിയാണ് ബിജു. താൻ കുറ്റം ചെയ്തതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. മറ്റു ചോദ്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറുകയാണ്. ശാസ്ത്രീയമായി ചോദ്യം ചെയ്യേണ്ടതുണ്ട്.
തിരുവനന്തപുരത്തെ പി.പി.എം ചെയിൻസ് എന്ന കമ്പനിക്കുവേണ്ടിയാണ് സ്വർണം കടത്തിയത്. പണവും ബിജു കൈപ്പറ്റിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളി വിഷ്ണു സോമസുന്ദരത്തിന്റെ ജീവനക്കാരനായ ജിത്തുവെന്ന ആകാശ് ഷാജിയാണ് ദുബായിൽ നിന്ന് സ്വർണം വാങ്ങി നൽകുന്നത്. കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്‌ണന്റെ സഹായത്തോടെ തിരുവനന്തപുരം എയർപോർട്ടിലൂടെ സ്വർണം പുറത്ത് എത്തിക്കും. ഇതിന്റെയെല്ലാം ഗൂഢാലോചനയടക്കം പരിശോധിക്കണം. ഹാജരാകാൻ സമൻസ് നൽകിയിട്ടും മറ്റു പ്രതികളെല്ലാം ഒളിവിലാണ്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ബിജുവിന്റെ അഭിഭാഷകൻ വ്യക്തമാക്കി. അറസ്റ്റ് ചെയ്തപ്പോൾ ഭീഷണിപ്പെടുത്തി വ്യാജമൊഴിയിൽ ഒപ്പുവയ്പ്പിക്കാൻ ശ്രമിച്ചെന്നും വാദിച്ചു. തുടർന്നാണ് കസ്റ്റഡി അപേക്ഷ വിധി പറയാൻ മാറ്റിയത്. കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്‌ണന്റെ ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും.