കൊച്ചി: കേരള തീരത്ത് ജൂൺ ഒമ്പത് അർദ്ധ രാത്രി മുതൽ ജൂലായ് 31 അർദ്ധ രാത്രി 12 വരെ 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. എല്ലാ ഇതരസംസ്ഥാന ബോട്ടുകളും ജൂൺ ഒമ്പതിന് മുമ്പായി തീരം വിട്ട് പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാർബറുകളിലെയും തീരപ്രദേശത്തെയും ഡീസൽ ബങ്കുകൾ നിരോധന കാലത്ത് അടച്ചിടും. ഇൻ ബോർഡ് വള്ളങ്ങൾക്ക് മത്സ്യഫെഡ് ബങ്കുകളും തിരഞ്ഞെടുത്ത ബങ്കുകളും മുഖേന ഡീസൽ ലഭ്യമാക്കും. ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാനും കളക്ട്രേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.
രാസവസ്തുക്കൾ കലർന്ന മത്സ്യങ്ങളുടെ വിപണനം തടയാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ ബയോമെട്രിക് തിരിച്ചറിയൽ കാർഡും, സുരക്ഷാ ഉപകരണങ്ങളും കരുതണം. കടലിലുണ്ടാകുന്ന അപകടങ്ങൾ നേരിടാൻ മൂന്ന് പട്രോളിംഗ് ബോട്ടുകളും വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
കൂടാതെ കോസ്റ്റ് ഗാർഡിന്റെ ഒരു കപ്പലും, ഹെലികോപ്റ്ററും, രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി 24 മണിക്കൂറും സജീവമായിരിക്കും. കടൽ രക്ഷാപ്രവർത്തനം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക.ഫിഷറീസ് കൺട്രോൾ റൂം 0484-2502768, 9496007037, 9496007029, മറൈൻ എൻഫോഴ്‌സ്‌മെന്റ് 9496007048, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ,അഴീക്കോട് 0480-2815100,ഫോർട്ട്കൊച്ചി 0484-2215006, 1093, കോസ്റ്റ് ഗാർഡ് 0484-2218969, 1554 (ടോൾഫ്രീ), നേവി 0484-2872354, 2872353