കൊച്ചി: പൊതു വിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെയും ബി.പി.സി.എല്ലിന്റെയും സഹകരണത്തോടെ ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ റോഷ്നി പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ വൈകീട്ട് 3.30 ന് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹ്നാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ അക്കാഡമിക് നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി ഈ വർഷം മുതൽ 40 സ്കൂളുകളിലാണ് ആരംഭിക്കുന്നത്.