mla
എ ഡി എം കെ ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗം

തൃക്കാക്കര : ജില്ലയിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ശേഷിക്കുന്നവ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ശുചിത്വ -ആരോഗ്യ ബോധവൽക്കരണം, ഓടകളും കാനകളും വൃത്തിയാക്കൽ, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റൽ, സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. സ്കൂൾ പരിസരങ്ങൾ മഴക്കാല അപകടങ്ങളിൽ നിന്നു മുക്തമാണെന്ന് ഉറപ്പു വരുത്താൻ പി.ടി.തോമസ് എം എൽ എ ആവശ്യപ്പെട്ടു. വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുമ്പോൾ ഉറപ്പുള്ള മരങ്ങളുടെ തൈകൾ നടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ പ്ലേ സ്കൂളുകളിലെ ശുചിത്വം, ലൈസൻസ് എന്നിവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. മണ്ണൂർ - പോഞ്ഞാശ്ശേരി, കീഴില്ലം- പാണേരി റോഡുകളുടെ പ്രവർത്തി വേഗത്തിലാക്കാൻ എൽദോസ് കുന്നപ്പള്ളി എം എൽ എ ആവശ്യപ്പെട്ടു. പെരുമ്പാവൂർ - കൂത്താട്ടുകുളം , മൂവാറ്റുപുഴ - എറണാകുളം റോഡുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ എൽദോ എബ്രഹാം എംഎൽഎ പൊതുമരാമത്ത് നിരത്ത് വിഭാഗത്തോടാവശ്യപ്പെട്ടു. മൂവാറ്റുപുഴ പ്രദേശത്ത് ഡെങ്കിപ്പനി പ്രതിരോധ പ്രർത്തനങ്ങൾ ഊർജിതമാക്കണം. പായിപ്ര പഞ്ചായത്ത്, മൂവാറ്റുപുഴ നഗരസഭ, ഊരമന പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടർന്നതിന്റെ ഉറവിടം കണ്ടെത്തണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ സൗജന്യമായി നൽകുന്ന കാര്യം പരിഗണിക്കണം .വൈറ്റില റോഡുവികസനത്തിന് ജില്ലാ പഞ്ചായത്ത് വിട്ടുനൽകിയ കോക്കനട്ട് ഫാമിന്റെ സ്ഥലത്തിനു പകരമായി സ്ഥലം കണ്ടെത്തി നൽകാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് ആവശ്യപ്പെട്ടു. ജലജന്യ രോഗങ്ങൾ പടരുന്നത് തടയാൻ ആവോലി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വൃത്തിഹീനമായ ഓടകളും കാനകളും ശുചീകരിക്കണമെന്നും ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം, ലൈഫ്, ആർദ്രം മിഷനുകളുടെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തി. എഡിഎം കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.