പറവൂർ : പറവൂർ - ചെറായി റോഡിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾക്കു കാരണം പൊതുമരാമത്തു വകുപ്പിന്റേയും വാട്ടർ അതോറിറ്റി അധികൃതരുടെയും അനാസ്ഥമൂലമാണെന്ന് പറവൂർ താലൂക്ക് വികസന സമിതി കുറ്റപ്പെടുത്തി. റോഡിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കാത്തതുമൂലമാണ് കഴിഞ്ഞ ദിവസം രണ്ട് യുവാക്കളുടെ മരണത്തിന് കാരണമായത്. ഈ പ്രദേശത്തെ റോഡിന്റെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്കിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്കെടുപ്പ് നടത്തുന്നതിന് താലൂക്ക് വികസന സമിതിയംഗങ്ങൾ, ലേബർ ഓഫീസർ, പൊലീസ്, എക്സൈസ്, ഹെൽത്ത് എന്നീ വകുപ്പുകളും അതാതു പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരെ ഉൾപ്പെടുത്തി തഹസിൽദാരുടെ നേതൃത്വത്തിൽ യോഗം വിളിക്കാൻ തിരുമാനിച്ചു. സമിതിയംഗം എ.കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ടി.എഫ്. ജോസഫ്, താലൂക്ക് വികസന സമിതിയംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.