കൊച്ചി:സ്പിൽഓവർ വർക്കുകൾ പൂർത്തിയാക്കാനായി നടപ്പ് സാമ്പത്തിക വർഷത്തിലെ പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ കൗൺസിൽ തീരുമാനം.സർക്കാർ നൽകുന്ന 20ശതമാനം തുകയ്ക്ക് പുറമെ എസ്.എസ്.എ ( സർവ ശിക്ഷ അഭിയാൻ )ഫണ്ടിൽ നിന്നും 72ലക്ഷം രൂപ വകമാറ്റി ചെലവഴിക്കും.
81 കോടി രൂപയുടെ സ്പിൽ ഓവർ വർക്കാണ് നടപ്പ് സാമ്പത്തിക വർഷം നടപ്പാക്കേണ്ടത്. എന്നാൽ ഇതിൽ 32 കോടി മാത്രമേ സർക്കാർ നൽകുകയുള്ളു. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാത്തതിനാലാണ് സ്പിൽഓവർ വർക്കുകൾ വന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. 2018–19 കാലത്തെക്കാൾ 12 കോടിയിലധികം അധിക വിഹിതം ലഭിച്ചിട്ടും അത് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാതെ പോയത് ഭരണ നേതൃത്വത്തിന്റെ കാര്യക്ഷമതയില്ലായ്മയാണെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ .ആന്റണിയും കൗൺസിലർ വി .പി .ചന്ദ്രനും പറഞ്ഞു.

എസ്.എസ്.എയുടെ 1.25കോടി ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ വകമാറ്റി ചെലവഴിക്കാമെന്ന മേയറുടെ നിർദേശത്തെ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പൂർണ്ണിമ നാരായൺ എതിർത്തു. ബാക്കി തുക മറ്റ് മേഖലകളിൽ നിന്ന് കണ്ടെത്താനാവും എന്നും മേയർ പറഞ്ഞു. റോഡ് വികസനത്തിലും പ്രാധാന്യമുള്ളതാണ് കുട്ടികളുടെ വിദ്യാഭ്യാസം . യൂണിഫോമിനും അദ്ധ്യാപകരുടെ പരിശീലനത്തിനും അനുവദിച്ച ഫണ്ടിൽ നിന്ന് തുക വെട്ടി കുറയ്ക്കാനാകില്ലെന്നും പൂർണ്ണിമ പറഞ്ഞു. തുടർന്ന് കൗൺസിൽ നിർത്തിവെച്ച് സ്റ്റിയറിംഗ് കമ്മിറ്റി കൂടി എസ്.എസ്.എ ഫണ്ടിൽ നിന്നും 72 ലക്ഷം വകമാറ്റി ചെലവഴിക്കാൻ തീരുമാനം എടുക്കുകയായിരുന്നു. അടുത്തു വരുന്ന ടെൻഡർ സേവിംഗ്സിൽ നിന്നും ഇതിലേക്ക് പണം നൽകുന്നത് മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കുമെന്ന് മേയർ ഉറപ്പ് നൽകി