1
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന 'കരുതൽ സ്പർശം കൈകോർക്കാം കുട്ടികൾക്കായി' കാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിക്കുന്നു.എഡിഎം ചന്ദ്ര ശേഖരൻ നായർ സമീപം


തൃക്കാക്കര : സ്വന്തം അമ്മയുടെ അടുത്ത് പോലും കുട്ടികൾ സുരക്ഷിതരല്ലാത്ത സാഹചര്യമാണ് ഇപ്പോഴുളളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ ഡോളി കുര്യാക്കോസ് പറഞ്ഞു.ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന 'കരുതൽ സ്പർശം കൈ കോർക്കാം കുട്ടികൾക്കായ്' കാമ്പെയിനിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. നവംബർ 14 വരെ നീണ്ടു നിൽക്കുന്ന ആറ് മാസമാണ് കാമ്പെയിൻ നടത്തുന്നത്. സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്, ചൈൽഡ് ലൈൻ, എക്സൈസ്, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ്, ഐ.സി.ഡി.എസ്, പോലീസ്, വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിഒകൾ എന്നിവരെ ഉൾപ്പെടുത്തിയാണ് കാമ്പെയിൻ നടക്കുന്നത്.സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളിൽ, കുട്ടികളുടെ അവകാശ സംരക്ഷണം, ഉത്തരവാദിത്ത രക്ഷാകർതൃത്വം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. എറണാകുളം റൂറൽ സൈബർ സെൽ സിവിൽ പോലീസ് ഓഫീസർ ത്വൽഹത്ത് പി.എം, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ഡോ. എം.പി ആന്റണി, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മനോരോഗ വിദഗ്ധൻ ഡോ. സി.ജെ ജോൺ എന്നിവർ സെമിനാറുകൾ നയിച്ചു.
എ.ഡി.എം കെ. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ സൈന കെ.ബി, ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ ജെ. മായാലക്ഷ്മി, വനിതാ സംരക്ഷണ ഓഫീസർ ദീപ എം.എസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഡോ. പി. എസ് രഘൂത്തമൻ എന്നിവർ സംസാരിച്ചു.