കളമശേരി : യു.ഡി.എഫ് സർക്കാരിനും മുൻ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എൽ.എയ്ക്കും എതിരെ പാലാരിവട്ടം പാലത്തിന്റെ പേരിൽ ഇടതുപക്ഷം നടത്തുന്ന നുണ പ്രചാരണം അവർക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇടതു മുന്നണിയുടെ നുണപ്രചരണം അവസാനിപ്പിക്കണമെന്നും പാലം ഉടൻ ഗതാഗത്തിന് തുറന്നു കൊടുക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് കളമശേരി നിയോജക മണ്ഡലം കമ്മറ്റി എച്ച്.എം.ടി ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.

യു.ഡി.എഫ് ഭരണകാലത്ത് പൊതുമരാമത്ത് വിഭാഗം നിരവധി പദ്ധതികളാണ് ഏറ്റെടുത്ത് നടപ്പിലാക്കിയത്. കേരളത്തിൽ 400 ദിവസത്തിനുള്ളിൽ 100 പാലങ്ങൾക്കുള്ള പദ്ധതികൾ ആവിഷക്കരിച്ചു. അത് യാഥാർത്ഥ്യമാക്കുന്നതിൽ വി.കെ.ഇബ്രാഹിംകുഞ്ഞ് വിജയിച്ചുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇടപ്പിള്ളി ഫ്‌ളൈ ഓവറിന്റെ പണി പൂർത്തിയാക്കിയതും പാലാരിവട്ടം ഫ്‌ളൈഓവറിന്റെ 75ശതമാനം പൂർത്തിയാക്കിയതും യു.ഡി.എഫ് ഭരണകാലത്താണ്.

പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിലെ അപാകതകൾ ഗുരുതരം തന്നെ.കുറ്റക്കാരെ കണ്ടെത്തുന്നതിന് പകരം പലതടസവാദങ്ങളും ഉന്നയിച്ച് യു.ഡി.എഫ് സർക്കാരിനെയും അന്നത്തെ മന്ത്രിയെയും കുറ്റപ്പെടുത്താനുള്ള എൽ.ഡി.എഫ്‌ന്റെ ശ്രമം ദൗർഭാഗ്യകരമാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ചടങ്ങിൽ യു.ഡി.എഫ് ചെയർമാൻ ഇ.കെ.സേതു അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ വി.കെ.ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത്, മുൻ മന്ത്രിമാരായ കെ.ബാബു, ഡൊമനിക്ക് പ്രസന്റേഷൻ, ജി.സി.ഡി.എ മുൻ ചെയർമാൻ കെ.സി.വേണു ഗോപാൽ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.ജെ.വിനോദ്, ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ അബദുൾ മുത്തലീബ് എന്നിവർ സംസാരിച്ചു