balabhaskar-

കൊച്ചി: സംഗീതജ്ഞൻ ബാലഭാസ്‌ക്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ തിരുവനന്തപുരം പള്ളിപ്പുറത്തെ വാഹനാപകടത്തിന് നിമിഷങ്ങൾക്കകം രണ്ടു പേർ സംഭവസ്ഥലത്തു നിന്ന് ഓടി മറഞ്ഞതായി മിമിക്രി കലാകാരനായ കലാഭവൻ സാേബി ജോർജ് വെളിപ്പെടുത്തി. ഇക്കാര്യം ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം കോ -ഓർഡിനേറ്റർ പ്രകാശ് തമ്പിയെ ഫോണിൽ വിളിച്ചറിയിച്ചെങ്കിലും ഗൗരവത്തിലെടുത്തതായി തോന്നിയില്ല. സ്വർണക്കടത്തു കേസിൽ പ്രകാശ് അറസ്‌റ്റിലായതോടെ കാര്യങ്ങൾ പരസ്യമായി വെളിപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് സോബി 'കേരളകൗമുദി'യോട് പറഞ്ഞു.

സോബിയുടെ വാക്കുകൾ

തിരുനെൽവേലിക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്ന സ്ഥലത്ത് ഏതാനും മിനിട്ടുകൾക്കകം എത്തിയത്. ബാലഭാസ്‌ക്കറാണ് അപകടത്തിൽപ്പെട്ടതെന്ന് അറിഞ്ഞില്ല. ആളുകൾ ഓടിയെത്തുന്നുണ്ടായിരുന്നു. ഈ സമയം റോഡിന്റെ ഇടതുവശത്തു കൂടി ഒരാൾ ഓടുന്നത് കണ്ടു. വലതുവശത്ത് കൂടി സ്റ്റാർട്ടാക്കിയ സ്‌കൂട്ടറിൽ ഒരാൾ കാലുകൊണ്ട് തുഴഞ്ഞ് നീങ്ങുന്നു. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ വാഹനം തേടിയാണോ ആൾ ഓടിയതെന്ന് സംശയിച്ച് പിന്നാലെ ഹോണടിച്ച് കാർ എത്തിച്ചെങ്കിലും അയാൾ ഗൗനിച്ചില്ല. ഒരു വാഹനത്തിനും കൈ കാണിച്ചുമില്ല. ഇരുവരുടെയും മുഖഭാവം കണ്ടിട്ട് അത്ര പന്തി തോന്നിയില്ല. നിറുത്താതെ

യാത്ര തുടർന്ന താൻ പിന്നീടാണ് അപകടത്തിൽപ്പെട്ടത് ബാലഭാസ്‌ക്കറാണെന്ന് അറിഞ്ഞത്. മകന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ് എത്തിയതോടെ അന്ന് മനസിൽ തോന്നിയ കാര്യങ്ങൾ ആരോടെങ്കിലും പറയണമെന്ന് തോന്നി. ബാലുവിന്റെ സുഹൃത്തായ ഗായകൻ മധു ബാലകൃഷ്‌ണനോട് കാര്യങ്ങൾ പറഞ്ഞതോടെ പ്രകാശ് തമ്പിയുടെ ഫോൺ നമ്പർ തന്നു. കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. പത്തു മിനിട്ടിനു ശേഷം തിരികെ വിളിച്ചു. ആറ്റിങ്ങൽ സി.ഐയാണ് കേസ് അന്വേഷിക്കുന്നതെന്നും മൊഴി നൽകാൻ തയ്യാറാണോയെന്നും ചോദിച്ചു. സമ്മതം അറിയിച്ചെങ്കിലും ആരും മൊഴിയെടുക്കാനെത്തിയില്ല. പിന്നീട് പ്രകാശും ബന്ധപ്പെട്ടില്ലെന്ന് സോബി പറഞ്ഞു.