പള്ളുരുത്തി: മഴപെയ്താൽ ചെളിക്കുളമായും വെയിൽവന്നാൽ പൊടിശല്യവും രൂക്ഷമായിരുന്ന ഇടക്കൊച്ചി റോഡ് നന്നാക്കാൻ അധികാരികൾ ഒടുവിൽ കണ്ണ് തുറന്നു. 80 ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയാണ് റോഡ് പണിക്കായി പാസായിരിക്കുന്നത്.
10 മാസം മുൻപാണ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി ഇടക്കൊച്ചി സ്റ്റാൻഡ് മുതൽ പള്ളി വരെ റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പിട്ടെങ്കിലും റോഡ് നന്നാക്കുന്നത് നീണ്ടുപോയി. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര അതീവ ദുർഘടമായിരുന്നു. ഇരുചക്ര വാഹനയാത്രക്കാരുടെ കാര്യമായിരുന്നു ഏറെ കഷ്ടം. ഗട്ടറിൽ വീണ് കുടുങ്ങിക്കുടുങ്ങിയായിരുന്നു വാഹനയാത്ര. ബസ് കാത്തുനിൽക്കുന്നവർ പൊടിയിൽ കുളിച്ചായിരുന്നു സ്റ്റോപ്പുകളിൽ നിന്നിരുന്നത്.
പൊലിഞ്ഞത് മൂന്നു ജീവൻ
ഇതിനിടയിൽ റോഡിലെ കുഴിയിൽ വീണ് 3 മനുഷ്യജീവൻ പൊലിഞ്ഞു. നിരവധി പേർക്ക് പരിക്കുമേറ്റു. എന്നിട്ടും അധികാരികൾ കണ്ണടച്ചിരുന്നു. റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചും ദുരിതയാത്രയെക്കുറിച്ചും കേരളകൗമുദി നിരവധി തവണ റിപ്പോർട്ടുചെയ്തിരുന്നു.
പ്രതിഷേധം ഫലം കണ്ടു
അധികാരികളുടെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് ഇടക്കൊച്ചിയിലേക്കുള്ള സ്വകാര്യബസുകൾ ജൂൺ ഒന്നുമുതൽ സർവീസ് നിർത്തി സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ എം. സ്വരാജ് എം.എൽ.എ ഇടപെട്ടാണ് റോഡ് പണിക്കായി ഫണ്ട് പാസാക്കിയത്. പൊതുമരാമത്ത് മന്ത്രി ചീഫ് എൻജിനീയറോട് സ്ഥലം സന്ദർശിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. റോഡ് കുത്തിപ്പൊളിച്ച സ്ഥലത്ത് ടാറിംഗ് തുടങ്ങി. യാത്രക്കാരെ കൂടുതൽ വലയ്ക്കാതിരിക്കാൻ രാത്രിയാണ് ടാറിംഗ്. മഴ ടാറിംഗിനെ ബാധിക്കുന്നുണ്ട്. സ്കൂൾ തുറക്കുംമുമ്പ് പണി പൂർത്തീകരിക്കാനാണ് നീക്കം.