കൊച്ചി: മഴയെത്തും മുമ്പേ രോഗങ്ങളകറ്റാനുള്ള കഠിനശ്രമത്തിലാണ് ഭാരതീയ ചികിത്സാ വകുപ്പ്. പഞ്ചായത്ത് തലത്തിൽ ബോധവത്കരണ ക്ലാസുകൾ, പ്രചാരണ പരിപാടികൾ, ലഘുലേഖ വിതരണം, മെഡിക്കൽ ക്യാമ്പുകൾ എന്നിവ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ആശാ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തി ഹൈറിസ്‌ക് ബോധവത്കരണ പരിപാടികളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുകയാണ് ആദ്യഘട്ടം.

"സംസ്ഥാനസർക്കാർ ഓരോ ജില്ലയ്ക്കും എട്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആ തുക ഉപയോഗിച്ച് അത്യാവശ്യ മരുന്നുകൾ വാങ്ങി ക്യാമ്പുകളിൽ സൗജന്യമായി നൽകും. "

ഡോ.തോമസ് ജിബിൻ

ടാസ്‌ക് ഫോഴ്‌സ് കൺവീനർ

അസുഖങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കാം : 9447378257

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കുക.
ആഹാരത്തിനും കുടിക്കാനും തിളപ്പിച്ചാറിയ വെളളം ഉപയോഗിക്കുക (വെളളം പത്ത് മിനിറ്റ് നേരം വെട്ടിത്തിളക്കണം).

ദഹിക്കാൻ എളുപ്പമുളളതും ലഘുവായതും പോഷകാംശമുളളതുമായ ഭക്ഷണ പദാർത്ഥങ്ങൾ ശീലമാക്കുക.

മാംസാഹാരം, പയർവർഗങ്ങൾ എന്നിവ സൂപ്പ് രൂപേണ ശീലിക്കുക.

തുറസായ സ്ഥലത്ത് നിന്ന് ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ, പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.

ദഹനത്തെ മെച്ചപ്പെടുത്താൻ പുളി, എരിവ് തുടങ്ങിയ രസപ്രധാനമായ ആഹാരം സേവിക്കുക.
പാദരക്ഷകൾ ഉപയോഗിക്കുക

 പകലുറക്കം പാടില്ല

മിതമായി മാത്രം വ്യായാമം ചെയ്യുക.
വ്യക്തിശുചിത്വം പാലിക്കുക

പരിസര ശുചീകരണം നടത്തുക

കൊതുകുനശീകരണം അത്യാവശ്യം

ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുക.

വീടുകളിൽ രണ്ട് നേരം അപരാജിത ധൂപം, കുന്തിരിക്കം മുതലായവ പുകയ്ക്കുന്നത് കൊതുകുകളെ അകറ്റാനും പരിസരം അണുവിമുക്തമാക്കുവാനും സഹായിക്കും.