ആലുവ: ചൂർണിക്കരയിൽ അനധികൃത പാടം നികത്തലുകളെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് താലൂക്ക് വികസന സമിതിയോഗത്തിൽ ആവശ്യമുയർന്നു. ബി.ജെ.പി. പ്രതിനിധിയായ എം.എൻ. ഗോപിയാണ് ഈ വിഷയം ചർച്ചയെക്കെടുത്ത്. നിലം നികതലിന് വ്യാജരേഖയുണ്ടാക്കി വ്യാപകമായി മണ്ണടി തുടരുകയാണ്. ഇതെല്ലാം അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടു.
ചൂർണിക്കര പഞ്ചായത്തിൽ ഇടമുള പുഴയ്ക്ക് കുറുകെ അനധികൃതമായി നിർമ്മിച്ച പാലം പൊളിച്ചു നീക്കണമെന്ന് കേരള കോൺഗ്രസ് (ജെ) പ്രതിനിധി ഡൊമനിക് കാവുങ്കൽ ആവശ്യപ്പെട്ടു. പാലം പരിശോധിക്കുന്നതിനായി വികസന സമിതിയിലെ രാഷ്ട്രീയജനപ്രതിനിധികളെ ഉൾപ്പെടുത്തി കമ്മീഷൻ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുറയാർ റെയിൽവേ ഗേറ്റിലെ പാലത്തിന് താഴെയുള്ള പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ടതായി സി.പി.എം. പ്രതിനിധി ഇ.എം. സലീം പറഞ്ഞു. പൈപ്പ് അടിയന്തിരമായി നന്നാക്കി കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നു. കീഴ്മാട് പഞ്ചായത്തിലെ നാലാം മൈലിൽ റോഡരികിലെ മരം മുറിച്ചു മാറ്റണമെന്ന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുംതാസ് ആവശ്യം ഉന്നയിച്ചു. ചെമ്പകശേരി ഐ.എസ്.ആർ.ഒ. റോഡ് നന്നാക്കുക, ആലുവയിലെ ബീവറേജസ് ഔട്ട്‌ലൈറ്റ് മാറ്റി സ്ഥാപിക്കുക, 50 രൂപയുടെ മുദ്രപത്രങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സി.പി.ഐ. പ്രതിനിധി ഷംസുദ്ദീൻ ഉന്നയിച്ചത്. ആവണംകോട് ഇറിഗേഷൻ കനാൽ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി സ്ഥലപരിശോധന നടത്തണമെന്നും ആവശ്യം ഉയർന്നു. ജില്ല ആശുപത്രിയിലെ മാമാഗ്രോം യൂണിറ്റ് പ്രവർത്തപ്പിക്കണമെന്ന ചോദ്യത്തിന് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി ജില്ല പഞ്ചായത്തംഗം സരള മോഹനൻ മറുപടി നൽകി.
ജില്ല പഞ്ചായത്തംഗം സാംസൺ ചാക്കോ അധ്യക്ഷത വഹിച്ചു. കേറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു.വി. തെക്കേക്കര, ചെങ്ങമനാട് ദിലീപ് കപ്രശേരി, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ലോനപ്പൻ, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, രാഷ്ട്രീയ പ്രതിനിധികളായ മുരളി പുത്തൻവേലി (എൻ.സി.പി.), കെ.പി. കൃഷ്ണൻകുട്ടി (സി.എം.പി.), വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.