കൊച്ചി: സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ അറസ്‌റ്റിലായ ആദിത്യയ്‌ക്ക് എറണാകുളം കോന്തുരുത്തിയിലെ ഇടവക പള്ളിയിൽ സ്വീകരണം നൽകി. ഇടവകാംഗങ്ങളും അതിരൂപതയിലെ വൈദികരും ചടങ്ങിൽ പങ്കെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ നടന്ന ചടങ്ങിൽ അറസ്‌റ്റിലായ സാഹചര്യവും രേഖയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിക്കാൻ ആദിത്യയ്‌ക്ക് അവസരം നൽകി. അന്വേഷണ നടപടികളിൽ ദുരൂഹതയുണ്ടെന്ന് വൈദികർ വിശദീകരിച്ചു. ഭൂമിയിടപാടിലുണ്ടാകാത്ത ആവേശമാണ് പൊലീസിന് ഈ കേസിലെന്നാണ് അവരുടെ വാദം. ഫാ. ആന്റണി കല്ലൂക്കാരൻ, ഫാ.പോൾ തേലക്കാട്ട് എന്നിവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ആദിത്യയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് സ്വീകരണം സംഘടിപ്പിച്ചത്.

ആദിത്യ അറസ്‌റ്റിലായതിന് തൊട്ടുപിന്നാലെ എറണാകുളം - അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടം, സഹായമെത്രാൻമാർ ,ആദിത്യയുടെ പിതാവ് സക്കറിയ വളവി എന്നിവർ ഒരുമിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി പൊലീസിനെയും കർദ്ദിനാളിനെയും വിമർശിച്ചിരുന്നു. ഇതോടെ സഭയിലെ തർക്കങ്ങൾ പരസ്യമായി പുറത്തുവന്നു.

ജാമ്യം ലഭിച്ചപ്പോൾ ആദിത്യ പള്ളിയിലെത്തിയതാണെന്നും സ്വീകരണം സംഘടിപ്പിച്ചിട്ടില്ലെന്നും പള്ളി വികാരി ഫാ.മാത്യു ഇടശേരി 'കേരളകൗമുദി'യോട് പറഞ്ഞു. ആദിത്യ എത്തിയപ്പോൾ കുറെ വിശ്വാസികൾ അവിടെ കൂടി. ജയിലിലായ സാഹചര്യം വിശദീകരിച്ചു. കേസിലെ ദുരൂഹതകളെക്കുറിച്ച് പറഞ്ഞെന്നും ഫാ.മാത്യു പറഞ്ഞു.