palliyel

പറവൂർ : ശസ്ത്രക്രിയയ്ക്കിടെ മരിച്ച വീട്ടമ്മയുടെ മറവുചെയ്ത മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു. ചേന്ദമംഗലം കൂട്ടുകാട് പുളിക്കൽ വിനുവിന്റെ ഭാര്യ റിൻസിയാണ് (31) മേയ് 11ന് എറണാകുളം ലൂർദ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർത്താവ് വിനു പൊലീസിന് നൽകിയ പരാതിയിലാണ് നടപടി. റിൻസിയുടെ മൃതദേഹം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനായി മെഡിക്കൽ സംഘത്തിനും രൂപം നൽകി.

ഗർഭപാത്രത്തിലെ രണ്ടര മില്ലിമീറ്റർ വരുന്ന ദശ നീക്കം ചെയ്യുന്നതിന് മേയ് പത്തിനാണ് റിൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹിസ്ട്രോ സ്കോപ്പി എന്ന പുതിയ സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്യുമ്പോഴുള്ള അടയാളം പോലുമുണ്ടാകില്ലെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.

11ന് ശസ്ത്രക്രിയയ്ക്കിടെ, റിൻസിക്ക് ശ്വാസതടസം നേരിടുന്നുണ്ടെന്നും വെന്റിലേറ്ററിലേക്ക് മാറ്റുകയാണെന്നും അറിയിച്ചു. മൂന്നു തവണ ഹൃദയാഘാതമുണ്ടായെന്നും മരണപ്പെട്ടെന്നും പിന്നീട് പറഞ്ഞു. ആശുപത്രിയിൽ നിന്നു ലഭിച്ച റിപ്പോർട്ടിൽ പൾമൊണറി എംബോളിസമാണ് മരണകാരണമായി രേഖപ്പെടുത്തിയിട്ടുള്ളത്. പോസ്റ്റുമോർട്ടം നടത്താതെയാണ് കൂട്ടുകാട് ലിറ്റിൽ ഫ്ളവർ പള്ളിയിലെ സെമിത്തേരിയിൽ അന്ന് സംസ്കരിച്ചത്. ആർ.ഡി.ഒ, പൊലീസ് ഉദ്യോഗസ്ഥർ, പൊലീസ് സർജൻ, വിരലടയാള വിദഗ്ദ്ധർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുറത്തെടുത്ത ജഡം കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റി.

സി.എം.എഫ്.ആർ.ഐ കൃഷി വിജ്ഞാന കേന്ദ്രയിലെ ജീവനക്കാരി ആയിരുന്നു റിൻസി. കൊച്ചി സിറ്റി ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ് ഭർത്താവ് വിനു. അഞ്ചര വയസുള്ള ഇവാൻ, രണ്ടര വയസുള്ള എലയ്നോറ എന്നിവർ മക്കളാണ്.

ഭർത്താവിന്റെ പരാതി

ഹിസ്ട്രോ സ്കോപ്പി എന്ന പുതിയ ശസ്ത്രക്രിയാ ഉപകരണം ഉപയോഗിക്കാനുള്ള പരിചയക്കുറവാണ് റിൻസിയുടെ മരണത്തിന് ഇടയാക്കിയതെന്ന് വിനു എറണാകുളം നോർത്ത് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വയറിലേക്ക് ഫ്ളൂയിഡും മർദ്ദവും ഉയർന്ന അളവിൽ പ്രവേശിച്ച് ശ്വാസതടസം മൂലം മരിച്ചതായാണ് തനിക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച സൂചന.