ഗർഡറുകൾ യോജിപ്പിക്കുന്ന ജോലി പൂർത്തിയാക്കുവാൻ സാധിക്കാത്തത് തിരിച്ചടിയായി.

കൊച്ചി: കാത്തിരുന്ന ദിനവും കടന്നുപോയി. പാലാരിവട്ടം പാലം ഇന്നലെയും തുറന്നില്ല. അറ്റകുറ്റ പണികൾക്കായി കഴിഞ്ഞ മാസം അടച്ചിട്ട പാലം ജൂൺ ഒന്നിന് ഗതാഗതത്തിനായി താത്കാലികമായി തുറന്ന് നൽകുമെന്നായിരുന്നു അധികൃതർ മേയ് മാസം അവസാന ആഴ്ച വരെ ആവർത്തിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചപോലെ പാലം ജോലികൾ പൂർത്തിയായില്ല. ജോലികൾ എന്ന് പൂർത്തിയാകുമെന്ന് വ്യക്തമായി പറയുവാൻ ഇപ്പോൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനും കഴിയുന്നില്ല.

പാലത്തിലെ ഗർഡറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികളാണ് ഇനി തീരാനുള്ളത്. അപ്രോച്ച് റോഡുകളുടെ അടക്കം ടാറിംഗ് പൂർത്തിയായതോടെ പാലം തുറന്ന് നൽകാമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷിച്ച വേഗത്തിൽ പാലത്തിന്റെ പൈപ്പ് ലൈൻ ജംഗ്ഷനിൽ ഗതാഗത തടസം രൂക്ഷമാണ്. ജൂൺ ആറിന് സ്‌കൂളുകളും കോളജുകളും തുറക്കുന്നതോടെ തിരക്ക് ഇനിയും കൂടുമെന്നതിൽ സംശയമില്ല.

ബലക്ഷയം സംബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി താൽക്കാലികമായി പാലം തുറന്ന് നൽകാമെന്ന് അറിയിച്ചിരുന്നു. രണ്ടര വർഷം മാത്രമാണ് പാലത്തിലൂടെ ഗതാഗതം സാദ്ധ്യമായത്. മുക്കാൽ കിലോമീറ്റർ മാത്രം നീളമുള്ള പാലത്തിൽ ഗുരുതരമായ ആറ് വിള്ളലുകളാണ് കണ്ടെത്തിയത്. അഴിമതി നടന്നുവെന്ന് ബോദ്ധ്യമായതിനെ തുടർന്ന് വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. അന്വേഷണം പൂർത്തിയാക്കി പ്രാഥമിക റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികളിലേക്ക് വിജിലൻസ് കടക്കുകയാണ്.