കൊച്ചി: സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ വീണ്ടും നേട്ടവുമായി എറണാകുളം ജില്ല. 99 ശതമാനം ലക്ഷ്യം കൈവരിച്ച ഒന്നാംഘട്ടത്തിന് പിന്നാലെ രണ്ടാംഘട്ടത്തിൽ 2210 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺആറിന് വൈകിട്ട് 3ന് പറവൂർ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. ആദ്യഘട്ടത്തിൽ വീട് നി‌ർമ്മാണം പാതി നിലച്ചവർക്കാണ് ലൈഫ് മിഷൻ സഹായകമായതെങ്കിൽ രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതർക്കാണ് സഹായം ലഭിച്ചത്. ഭൂമിയില്ലാത്ത ഭവനരഹിതർക്കായി ഫ്ളാറ്റ് സമുച്ചയം പണിയുകയെന്ന മൂന്നാംഘട്ടത്തിനായുള്ള ഒരുക്കത്തിലാണ് അധികൃതർ.

ഹഡ്കോയിൽ നിന്ന് വായ്പ ലഭിക്കാൻ വൈകിയതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നതും ഫണ്ട് ലഭിക്കാൻ തടസമായി. . ഭവന നിർമാണത്തിനുള്ള ധനസഹായമായ 224.79 കോടി രൂപയിൽ 75.79 കോടി രൂപ ഹഡ്‌കോ വായ്പയും ബാക്കി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവുമാണ്. കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് നടത്തിയ സർവേയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ ഗ്രാമസഭകളുടെ അംഗീകാരത്തോടെയാണ് ലൈഫ് മിഷനിൽ ഉൾപ്പെടുത്തിയത്.

കുടുംബശ്രീയിലെ വനിതകളുടെ ടീം ഏറ്റെടുത്ത 20 വീടുകളിൽ 14 എണ്ണം പൂർത്തീകരിച്ചു. പറവൂർ, പാറക്കടവ്, ആലങ്ങാട് എന്നിവിടങ്ങളിലായി ലൈഫ് കൺസ്ട്രക്ഷൻ ഫെസിലിറ്റി ഹബ്ബുകൾ സ്ഥാപിച്ചിട്ടുണ്ട്.

ലൈഫ് ടവർ

ഈ വർഷം

മൂന്നാംഘട്ടത്തിലെ ഫ്ളാറ്റ് സമുച്ചയങ്ങളായ ലൈഫ് ടവറിന്റെ നിർമ്മാണം ഈ വർഷം തന്നെ ആരംഭിക്കും. തോപ്പുംപടി, ഏലൂർ, കൂത്താട്ടുകുളം, കരുമാലൂർ, അയ്യമ്പുഴ, കാക്കനാട് എന്നിവിടങ്ങളിലാണ് ലൈഫ് ടവർ . കരുമാലൂരിൽ 10 ഏക്കറും മറ്റിടങ്ങളിൽ ഓരോ ഏക്കറുമാണ് ലഭ്യമായത്. കുറഞ്ഞത് 500 കുടുംബങ്ങൾക്കെങ്കിലും ലൈഫ് ടവർ ഉപയോഗപ്പെടും. 21 ഇടങ്ങളിൽ ലൈഫ് ടവർ പണിയുകയാണ് ലക്ഷ്യം.

രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർ - 6236

നിർമ്മാണം ആരംഭിച്ച ഭവനങ്ങൾ - 5320

പൂർത്തിയായത് - 2210

അവസാനഘട്ടത്തിൽ - 1500


"ഫണ്ട് ലഭിക്കാനുള്ള തടസം ഈ മാസം നീങ്ങി.സെപ്തംബർ മാസത്തോടെ 5320 വീടുകൾ നിർമ്മിക്കും. 96 തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഗുണഭോക്താക്കളുണ്ട്. "

ഏണസ്റ്റ് സി തോമസ്

ലൈഫ് മിഷൻ കോർഡിനേറ്റർ

എറണാകുളം