കൊച്ചി : പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന പാഴൂർ കല്ലിടുമ്പിൽ കടവിൽ കെ.ടി.ഡി.സി പിറവത്ത് പണികഴിപ്പിച്ച ആറ്റുതീരം പാർക്കിന്റെ രണ്ടാംഘട്ടം നിർമ്മാണം പൂർത്തിയായി. ഗ്രാമീണ വിനോദസഞ്ചാര വികസന പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളിലൊന്നാണ് ആറ്റുതീരം പാർക്ക്. പിറവം - എറണാകുളം റോഡിൽ പാഴൂർ മുല്ലൂർപ്പടിയിൽ നിർമ്മിച്ചിരിക്കുന്ന ടേക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമകേന്ദ്രമാണ് മറ്റൊന്ന്.
ആറ്റുതീരം പാർക്കിലേക്കുള്ള റോഡിന്റെ ഒരുഭാഗം പുഴയാണ്. മറുഭാഗം വിശാലമായ പാടശേഖരവും. പുഴയോട് ചേർന്ന് 350 മീറ്റർ നീളത്തിൽ റോഡുള്ളതാണ് പ്രത്യേകത. ആദ്യഘട്ടത്തിൽ പുഴയ്ക്കും റോഡിനും ഇടയിലുള്ള 125 മീറ്റർ ഭാഗത്ത് ടൈൽ വിരിച്ചു കമനീയമാക്കി. സഞ്ചാരികൾക്ക് ഇരിക്കാനുള്ള ബഞ്ചുകളുടെ നിർമ്മാണവും പൂർത്തിയാക്കി. 2016 ൽ ആദ്യഘട്ടം പദ്ധതി ഉദ്ഘാടനം ചെയ്തത് ടൂറിസംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്.
രണ്ടാംഘട്ടത്തിന്
1.50 കോടി
പിറവം നഗരസഭാ ചെയർമാൻ സാബു.കെ. ജേക്കബ് ടൂറിസം വർക്കിംഗ് ഗ്രൂപ്പിൽ നേരിട്ട് പദ്ധതി അവതരിപ്പിക്കുകയായിരുന്നു. തുടർന്ന് അനുവദിച്ച 1.50 കോടി രൂപ കൊണ്ടാണ് പാർക്കിന്റെ രണ്ടാംഘട്ടം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. 300 മീറ്ററോളം ഭാഗത്ത് വാക്ക് വേ, കിയോസ്ക്, ബോട്ടുജെട്ടി, കോഫി ഷോപ്, ആധുനിക രീതിയിലുള്ള ടോയ് ലെറ്റ് സൗകര്യം, പാർക്കിംഗ് ഏരിയ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ഉദ്ഘാടനം ബുധനാഴ്ച
നവീകരിച്ച പാർക്കിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഞ്ചാംതീയതി വൈകിട്ട് ആറിന് നിർവഹിക്കും. ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നിയുക്ത എം.പി തോമസ് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള റിപ്പോർട്ട് അവതരിപ്പിക്കും.
പാർക്കിലേക്ക് ഹാഫ് മാരത്തൺ നാളെ
നാളെ (ചൊവ്വ) രാവിലെ 6 ന് പാർക്കിന്റെ പ്രചരണാർത്ഥം പിറവം ബസ് സ്റ്റാൻഡ് മൈതാനിയിൽ നിന്ന് പാഴൂർ ആറ്റുതീരം പാർക്കിലേക്ക് ഹാഫ് മാരത്തൺ നടത്തും. നഗരസഭാ ചെയർമാൻ സാബു ജേക്കബ് ഫ്ളാഗ് ഒാഫ് ചെയ്യും. പാർക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ടൂറിസം ഡിപ്പാർട്ട്മെന്റുമായി ചേർന്ന് പിറവം പുഴയിൽ 4 ,5 ,6 തീയതികളിൽ ബോട്ട് സവാരിയും സംഘടിപ്പിച്ചിട്ടുണ്ട്.