വൈപ്പിൻ: ആരോഗ്യ സുരക്ഷ കാർഡ് പുതുക്കുന്നതിനായി മണിക്കൂറുകൾ ക്യൂ നിന്നിട്ടും കാർഡ് പുതുക്കാനാകാതെ ജനം നിരാശരായി മടങ്ങി. ഇന്നലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 7, 8 വാർഡുകളിൽ ഉള്ളവരാണ് പുതുക്കൽ കേന്ദ്രമായ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിന് മുന്നിലെ റോഡിൽ പൊരിവെയിലത്ത് ക്യൂ നിന്നിട്ടും പുതുകാനാവാതെ മടങ്ങേണ്ടി വന്നത്. ആർ എസ് ബി വൈ കാർഡുകൾ പുതുക്കുന്നതിന് കരാർ എടുത്തിട്ടുള്ള ഏജൻസി ഉച്ച വരെ ശ്രമിച്ചിട്ടും നെറ്റ് കിട്ടാതെ വന്നതിനെ തുടർന്ന് ഇന്നലത്തെ കാർഡ് പുതുക്കൽ ഉപേക്ഷിച്ചത്. കാർഡ് പുതുക്കാനെത്തിയ രണ്ടായിരത്തോളം പേരിൽ ഒരാൾക്ക്‌പോലും കാർഡ് പുതുക്കാൻ കഴിയാത്തതിനാൽ 12 ാം തിയതിയിലേക്ക് പുതുക്കൽ മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.